Skip to main content

എ.എസ്. കനാലിൽ മത്സ്യക്കൃഷി പദ്ധതി 

 

ആലപ്പുഴ: ചേർത്തല - ആലപ്പുഴ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന എ.എസ്. കനാലിനെ മാലിന്യമുക്തമാക്കി മത്സ്യ കൃഷി നടത്താനൊരുങ്ങി ആലപ്പുഴ ജില്ലാ പഞ്ചായത്ത്. ആര്യാട്, മണ്ണഞ്ചേരി, കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, ചേർത്തലക്ക് എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെയാണ് എ.എസ്. കനാൽ കടന്നു പോകുന്നത്. കനാലിന്റെ തീരത്തുള്ളവർക്ക് സ്വയം തൊഴിലെന്ന നിലയിലാണ് മത്സ്യ കൃഷി ആരംഭിക്കുന്നത്. ഇതിൻറെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി സ്ഥലത്ത് സന്ദർശനം നടത്തി. അഞ്ച് മുതൽ പത്ത് വരെ അംഗങ്ങളുള്ള സംഘങ്ങൾക്ക് മത്സ്യ കൃഷി നടത്തുന്നതിന് കരാർ പ്രകാരം വിട്ടു നൽകി കൃഷിക്കാവശ്യമായ സഹായങ്ങൾ ഫിഷറീസ് വകുപ്പിൻറെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നൽകാനാണ് ആലോചനയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനുമായി ജില്ലാ പഞ്ചായത്ത് ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് പദ്ധതി രൂപപ്പെട്ടത്.  പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതിന് മുൻപ് ഫിഷറീസ് വകുപ്പ് മന്ത്രി സ്ഥലം സന്ദർശിക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. കനാൽ തീരം പൂച്ചെടികളും ഫലവൃക്ഷത്തൈകളും നട്ട് മനോഹരമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ആര്യാട് ഡിവിഷനിലാണ് പദ്ധതി തുടങ്ങുക.

ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ഉല്ലാസ്, ഹരിലാൽ, പി.തമ്പി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

date