Skip to main content

സഹജീവനം ഹെല്‍പ്പ് ഡസ്കുകള്‍  മന്ത്രി വി.എന്‍. വാസവന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

 

സാമൂഹ്യ നീതി വകുപ്പിന്‍റെ സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള ഹെല്‍പ്പ് ഡസ്കുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്(ഓഗസ്റ്റ് 5) വൈകുന്നേരം ആറിന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ മുഖ്യ പ്രഭാഷണം നടത്തും. 

കോവിഡ് സാഹചര്യത്തില്‍ വീടുകളില്‍തന്നെ കഴിയേണ്ടി വന്ന ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമം മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, ആരോഗ്യം, വനിതാ ശിശുവികസനം എന്നീ വകുപ്പുകളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും തുടങ്ങുന്ന സഹജീവനം സഹായ കേന്ദ്രങ്ങള്‍ മുഖേന സര്‍ക്കാരിന്‍റെ വാതില്‍പ്പടി സേവനം ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും  ഇവര്‍ക്ക് മാനസിക പിന്തുണയും അവശ്യ സേവനങ്ങളും ലഭ്യമാക്കുകയും ചെയ്യും.

നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്കൂള്‍, ബഡ്സ് സ്കൂള്‍, സമഗ്രശിക്ഷ കേരള എന്നിവിടങ്ങളിലെ എജ്യുക്കേറ്റര്‍മാരെ വോളണ്ടിയര്‍മാരായി തിരഞ്ഞെടുത്താണ് എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുന്നത്.

 എസ്.എസ്.കെയുടെ കീഴില്‍ വരുന്ന ബി.ആര്‍.സികളിലെ 187 സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാരുടെ സേവനവും ലഭ്യമാകും.  11 എം.എസ്.ഡബ്ല്യൂ വിദ്യാര്‍ഥികളും വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുണ്ട്. എല്ലാവരുടെയും പരിശീലനം പൂര്‍ത്തിയായി.

കോട്ടയം ജില്ലയില്‍ 11 ബ്ലോക്ക്  പഞ്ചായത്ത് മേഖലകളിലും സഹായ കേന്ദ്രങ്ങളുണ്ട്. 71 ഗ്രാമപഞ്ചായത്തുകളിലും ആറ്  മുനിസിപ്പാലിറ്റികളിലും സഹജീവനം പ്രതിനിധികളുടെ സേവനം ലഭ്യമാകുമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എന്‍.പി. പ്രമോദ്കുമാര്‍ പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്കും കുടുംബത്തിനും കൗണ്‍സിലിംഗ് നല്‍കുക,  സൈക്കോളജിസ്റ്റുകള്‍, തെറാപ്പിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കുക, പ്രകൃതി ദുരന്തങ്ങളില്‍നിന്നും പകര്‍ച്ചവ്യാധികള്‍നിന്നും സംരക്ഷണം ഉറപ്പാക്കുക, ഭക്ഷണം, മരുന്ന്, വാക്സിന്‍ എന്നിവ ഉറപ്പാക്കുക,  ഭിന്നശേഷിക്കാര്‍ക്കുള്ള സേവനങ്ങളെയും അവ ലഭിക്കുന്നതിനുള്ള നടപടികളെയും കുറിച്ചുള്ള ബോധവത്കരണം എന്നിവയാണ് സഹജീവനത്തിന്‍റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ നല്‍കുന്ന സേവനങ്ങള്‍.

date