Skip to main content

മുണ്ടേരിയില്‍ നാളികേര പാര്‍ക്ക് സ്ഥാപിക്കും- മന്ത്രി വി.എസ്.സുനില്‍കുമാര്‍

മുണ്ടേരി സീഡ് ഗാര്‍ഡന്‍ കോംപ്ലക്‌സില്‍ നാളികേര പാര്‍ക്ക് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കുമെന്നു കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. നിയമസഭയില്‍ പി.വി.അന്‍വര്‍ എം.എല്‍എ. യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തു ആദ്യഘട്ടത്തില്‍ അഞ്ച് അഗ്രോ പാര്‍ക്കുകളാണ് സ്ഥാപിക്കുന്നത്. അതിലൊന്നു മുണ്ടേരിയിലാണ്. നാളികേര പാര്‍ക്കുമായി ബന്ധപ്പെട്ട വിശദ പഠന റിപ്പോര്‍ട്ട് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ തയ്യാറാക്കി വരികയാണ്. ഈ വര്‍ഷം ജനുവരിയില്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളികേര അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനായി 20 കോടി വീതമുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കാര്‍ഷിക വികസന രംഗത്ത് മൂല്യ വര്‍ദ്ധനവിനായാണ് വിവിധ മേഖലകളില്‍ അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കുന്നത്. കര്‍ഷകരുടെയും സഹകരണ സൊസൈറ്റികളുടേയും സംയുക്ത കൂട്ടായ്മയിലാണ് പദ്ധതി നടപ്പാക്കുന്നത്. സാങ്കേതിക, നൂതന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുള്ള വിളവെടുപ്പും തുടര്‍ന്നുള്ള പ്രോസസ്സിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയും ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ അഗ്രോ പാര്‍ക്കുകള്‍ വവിയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പൊതുവായി ബ്രാന്‍ഡിംഗ് നല്‍കുന്നതു പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

 

date