ഇരിമ്പിളിയം- എടയൂര്‍ കുടിവെള്ള പദ്ധതി: തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് മന്ത്രി മാത്യു ടി തോമസ്
ഇരിമ്പളിയം- എടയൂര്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചതായി ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസ്. പദ്ധതി റിപ്പോര്‍ട്ടിന് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. വിശദമായ എഞ്ചിനീയറിംഗ് റിപ്പോര്‍ട്ട് പരിശോധിച്ച കിഫ്ബി ചില വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനുള്ള മറുപടി തയ്യാറാക്കുകയാണെന്നും മന്ത്രി അറിയിച്ചു. നിയമസഭയില്‍ കോട്ടയ്ക്കല്‍ നിയോജക മണ്ഡലം എം.എല്‍.എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
2017-18 വര്‍ഷത്തെ ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് 75 കോടി രുപയുടെ എഞ്ചിനീയറിംഗ് ഇരിമ്പിളിയം- എടയൂര്‍ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. എടയൂര്‍, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകള്‍, വളാഞ്ചേരി നഗരസഭ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. എടയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശവും ഇരിമ്പിളിയം - വളാഞ്ചേരി കുടിവെള്ളപദ്ധതിയുടെ സര്‍വീസ് ലൈന്‍ വര്‍ധിപ്പിക്കുന്നതിനുമായാണ് 75 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. കോട്ടക്കല്‍ മണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രപ്പോസലില്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കിയ കുടിവെള്ള പദ്ധതിയായിരുന്നു ഇത്. പദ്ധതി നടപ്പാകുന്നതോടെ വളാഞ്ചേരി ഇരിമ്പിളിയം എടയൂര്‍ എന്നിവടങ്ങളിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കാണാന്‍ കഴിയും.
2016 ജൂലൈയിലാണ് ധനമന്ത്രി, തദ്ദേശസ്വയംഭരണമന്ത്രി, ജലവിഭവമന്ത്രി, സ്പീക്കര്‍ എന്നിവര്‍ക്ക് ഈ പ്രോജക്ട് സമര്‍പ്പിച്ചത്. 2016 ഒക്ടോബര്‍ 31ന് ജലവിഭവമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോജക്ട് കിഫ്ബിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
കുറ്റിപ്പുറം- കങ്കക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന് തത്വത്തില്‍ അംഗീകാരമായിട്ടുണ്ടെന്നും കിഫ്ബിയില്‍ സമര്‍പ്പിക്കുന്നതിനായി പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു.
- Log in to post comments