Skip to main content

പത്തനംതിട്ട നഗരസഭ ആയിരം ഭവനങ്ങള്‍ക്ക് കമ്പോസ്റ്റിംഗ് യൂണിറ്റ് നല്‍കുന്നു

'ഹരിത നഗരം ശുചിത്വ നഗരം' പദ്ധതിയുടെ ഭാഗമായി നഗരസഭയെ സമ്പൂര്‍ണ മാലിന്യരഹിതമാക്കുന്നതിലേക്ക്  ഉറവിട മാലിന്യ സംസ്‌കരണത്തിനായി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 1000 റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും 100 ബിന്‍ കമ്പോസ്റ്റ് യൂണിറ്റുകളും നല്‍കുന്ന പദ്ധതിക്ക് അംഗീകാരമായി. ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തിനായി 2500 രൂപ വിലയുള്ള റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും 1800 രൂപ വിലയുള്ള ബിന്‍ കമ്പോസ്റ്റ് യൂണിറ്റുകളും നഗരസഭ, ശുചിത്വ മിഷന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ  സാമ്പത്തിക സഹായത്താല്‍ 90 ശതമാനം സബ്‌സിഡിയോടെ ലഭ്യമാക്കും. ഗുണഭോക്താക്കള്‍  റിംഗ്  കമ്പോസ്റ്റ് യൂണിറ്റിന് 250 രൂപയും, ബിന്‍ കമ്പോസ്റ്റ് യൂണിറ്റിന് 180 രൂപയും മാത്രം വിഹിതമായി ഒടുക്കിയാല്‍ മതിയാകും. ബാക്കി തുക നഗരസഭ നല്‍കും. യൂണിറ്റുകള്‍ ആവശ്യമുള്ളവര്‍ സെപ്റ്റംബര്‍ മാസം 10 ന് മുമ്പായി നഗരസഭ ആരോഗ്യ വിഭാഗത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.  കൂടാതെ  നഗരസഭാ പരിധിയില്‍ ഉള്ളവര്‍ ഈ പദ്ധതിയുടെ ആനുകൂല്യം കഴിവതും ഉപയോഗപ്പെടുത്തണമെന്നും ഇതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള 9497175430 എന്ന ഹെല്‍പ് ലൈന്‍ നമ്പരുമായി ബന്ധപ്പെടാവുന്നതാണെന്നും നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പത്തനംതിട്ടയെ ശുചിത്വ നഗരം ആക്കുന്നതിന്റെ ഭാഗമായി  അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴ, പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും 24 മണിക്കൂറും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനും തീരുമാനമായി.
 ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, നഗരസഭാ കൗണ്‍സിലര്‍ എം.സി. ഷെരീഫ്, മുനിസിപ്പല്‍ സെക്രട്ടറി ഷെര്‍ള ബീഗം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ. ബാബുകുമാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date