Skip to main content

സമ്പൂര്‍ണ ഊര്‍ജ്ജ ഓഡിറ്റിങിനൊരുങ്ങി ജില്ല

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഊര്‍ജ്ജ ഓഡിറ്റിങിന് തയ്യാറെടുത്ത് ഊര്‍ജ്ജയാന്‍. കേരള എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ആരംഭിച്ച ഊര്‍ജ്ജയാന്‍ പദ്ധതിയിലൂടെ ജില്ലയിലെ എട്ട് നിയോജകമണ്ഡലങ്ങളിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഊര്‍ജ്ജ ഓഡിറ്റിങിന് തുടക്കം കുറിക്കുന്നു. കൊടുങ്ങല്ലൂര്‍, കയ്പമംഗലം, പുതുക്കാട്, മണലൂര്‍, ഒല്ലൂര്‍, ഇരിങ്ങാലക്കുട, കുന്നംകുളം, ഗുരുവായൂര്‍ എന്നീ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ ഊര്‍ജ്ജ ഓഡിറ്റിങിന് വിധേയമാകുക. ഊര്‍ജ്ജയാന്‍ പദ്ധതി ആദ്യം നടപ്പാക്കിയ ഈ മണ്ഡലങ്ങളിലെ 54 ഗ്രാമപഞ്ചായത്തുകള്‍, ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകള്‍, അഞ്ച് നഗരസഭകള്‍, അവയുടെ സോണല്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഊര്‍ജ്ജ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് സെപ്റ്റംബര്‍ ആദ്യവാരത്തോടെ തുടക്കം കുറിക്കും.

രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള തദ്ദേശ സ്ഥാപന ഓഫീസുകളില്‍ ഊര്‍ജ്ജ ഓഡിറ്റ് പൂര്‍ത്തീകരിക്കും. ഇതുവഴി മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഊര്‍ജ്ജ ഓഡിറ്റ് പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി തൃശൂരിനെ മാറ്റുക, വനിതാ സംരംഭക യൂണിറ്റുകളുടെ ഊര്‍ജ്ജ ഓഡിറ്റിങിന് തുടക്കം കുറിച്ചുകൊണ്ട് ഊര്‍ജ്ജ കാര്യക്ഷമതാ മേഖലയില്‍ സ്ത്രീ ശാക്തീകരണം ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇത്തരം പ്രവര്‍ത്തനത്തിലൂടെ സുസ്ഥിര ജീവിതം ഊര്‍ജ്ജ സംരക്ഷണത്തിലൂടെ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി വി വിമല്‍കുമാര്‍ പറഞ്ഞു.

ഊര്‍ജ്ജം, ഊര്‍ജ്ജ ഉപയോഗം എന്നിവ സംബന്ധിച്ച് അറിയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഊര്‍ജ്ജ സംരക്ഷണ നിയമം 2001 അനുസരിച്ചാണ് എനര്‍ജി ഓഡിറ്റിങ് അഥവാ ഊര്‍ജ്ജ ഉപയോഗത്തിന്റെ പരിശോധന നടത്തുന്നത്. നിരീക്ഷണം, വിശകലനം എന്നിവയിലൂടെ ചെലവ് കുറഞ്ഞ രീതിയില്‍ ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകളും ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുള്ള കര്‍മപദ്ധതിയും അടങ്ങിയ സാങ്കേതിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഊര്‍ജ്ജ ഉപഭോഗം, പ്രവര്‍ത്തന രീതികള്‍, ഊര്‍ജ്ജ സംരക്ഷണ അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്ര പരിശോധന, ഊര്‍ജ്ജ സംരക്ഷണത്തിന്റെ സാധ്യതകളും വിശദപഠനവും വിശകലനവും ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിയല്‍ തുടങ്ങിയവയാണ് ഊര്‍ജ്ജ ഓഡിറ്റിങിന്റെ  ലക്ഷ്യങ്ങളില്‍ പ്രധാനം. ഊര്‍ജ്ജയാന്‍ പദ്ധതിയിലൂടെ ഊര്‍ജ്ജ ഉപയോഗത്തെ കുറിച്ച് വ്യക്തത ലഭിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനതുഫണ്ട് മാറ്റിവച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. ഊര്‍ജ്ജ ഓഡിറ്റിങില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളിലൂടെ കാര്‍ബണ്‍ ലഘൂകരണ സാധ്യതയും പഞ്ചായത്തുകള്‍ക്ക് കണ്ടെത്താന്‍ സാധിക്കും.

date