Skip to main content

കരുവന്നൂർ ബാങ്ക്: ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതി

* അന്തിമ അന്വേഷണ റിപ്പോർട്ട് ഉടൻ; കർശന നടപടി
* പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നടപടി

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകർക്കു തിരികെ നൽകാനുള്ളതിന്റെ കണക്കും ഈ സമിതി വിലയിരുത്തും. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹകരണ രജിസ്ട്രാറിന്റെ മേൽനോട്ടത്തിൽ മൂന്നംഗ സമിതിയായിരിക്കും പ്രവർത്തിക്കുക. തിരിമറി കേസിൽ പ്രതികളായവരുടെ ആസ്തി വിലയിരുത്തുന്നതിനും അതു കൈവിട്ട് പോകാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹകരണ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇത് അറിയിച്ചത്.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സും നീതി സ്റ്റോറുകളും കരുവന്നൂർ ബാങ്കിനുണ്ട്. ഇവിടെ നിന്നും വരുമാനം ലഭിക്കുന്നുമുണ്ട്. ഈ വരുമാനം അടക്കം വിലയിരുത്തിയായിരിക്കും മുന്നോട്ട് പോകുക. നിക്ഷേപകർക്ക് തുക തിരികെ നൽകുന്നതിനുള്ള പാക്കേജ് തയ്യാറാക്കി വരുകയാണ്. തിരികെ നൽകുന്നതിനായി അധിക വരുമാനമുള്ള സഹകരണ സംഘങ്ങൾ, കേരള ബാങ്ക്, സഹകരണ റിസ്‌ക് ഫണ്ട് ബോർഡ് എന്നിവയുൾപ്പെടുന്ന കൺസോർഷ്യം രൂപീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ആദ്യ ഉന്നതതല അന്വേഷണ സംഘം ഇടക്കാല റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. അന്തിമ റിപ്പോർട്ട് അടുത്ത ദിവസങ്ങളിൽ ലഭിക്കും.  അന്തിമ റിപ്പോർട്ട് ലഭിച്ചാൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ വിശദീകരിച്ചു.
പി.എൻ.എക്‌സ്. 2928/2021

 

date