Skip to main content

വകഭേദമില്ലാതെ എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കി: മുഖ്യമന്ത്രി

വിവിധ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

വകഭേദമില്ലാതെ എല്ലാവര്‍ക്കും ചികിത്സ ഒരേപോലെ ലഭ്യമാക്കുന്നതാണ് കേരളത്തിന്റെ സവിശേഷതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെയും അതിഥി തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച പ്രത്യേക വാര്‍ഡുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ചികിത്സാ സൗകര്യം ലഭ്യമാണ്. അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.  പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കുന്ന വാര്‍ഡിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

കേരളത്തിലെ മികച്ച ആരോഗ്യസംവിധാനമാണ് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ തുണയായത്. പ്രാഥമികാരോഗ്യ കേന്ദ്രം തൊട്ട് മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യസംവിധാനങ്ങള്‍ക്ക് കാലാനുസൃതമായി കരുത്ത് നേടാനാവണം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ നാല് മിഷനുകളില്‍ ആര്‍ദ്രം മിഷന്റെ നേട്ടം എടുത്ത് പറയേണ്ടതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തി ആരോഗ്യസംവിധാനം മികവുറ്റതാക്കി. ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചു. ലാബും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. ഒ പി സൗകര്യം വൈകുന്നേരം വരെ ദീര്‍ഘിപ്പിച്ചു. ഇത് ജോലിക്ക് പോകുന്നവര്‍ക്കും മറ്റും ഏറെ സൗകര്യമായി. താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആലുപത്രികളിലുള്ള സൗകര്യമാണുള്ളത് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യസംവിധാനത്തിന്റെ മികവാണ് നിപയും കൊവിഡും വന്നപ്പോള്‍ ലോക ശ്രദ്ധ നേടിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കേരളത്തിന് സാഹായകമായതെന്നും സിഎഫ്എല്‍ടിസികളിലും ഡിസിസികളിലും എഫ്എല്‍സിടികളും കൃത്യമായ രീതിയിലുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് കൂടുതല്‍ കൊവിഡ് രോഗികളെ കണ്ടെത്തി ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ കൂടുതല്‍ പേരില്‍ പരിശോധന നടത്തി പരമാവധി രോഗം കണ്ടെത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ പരിശോധന കുറവാണ്. കേരളത്തിലാണ് ഏറ്റവും കുറവ് പേരെ രോഗം ബാധിച്ചത്. അതിനാല്‍ ഇനി രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് വാകിസിന്‍ നല്‍കാനാവണം. ഓണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിന്‍ പാഴാക്കാതെ ഉപയോഗിക്കാന്‍ കേരളത്തിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം തരംഗത്തെ നേരിടാന്‍ കേരളം സജ്ജമാണ്. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഓക്സിജന്‍ കിട്ടാതെ പലരും മരിക്കുന്ന നില രാജ്യത്ത് പലയിടത്തും ഉണ്ടായി. എന്നാല്‍ ഓക്‌സിജന്‍ ലഭിക്കാതെ ഇവിടെ ആരും മരണപ്പെട്ടില്ല. എല്ലാ ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡിനൊത്ത് ജീവിക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുകയാണ്. അടുത്ത തരംഗം കുട്ടികളെ ബാധിക്കുമെന്നതിനാല്‍ കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എക്‌സൈസ്- തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ഓക്‌സിജന്‍ മരുന്നായി മാറുന്നതാണ് കൊവിഡ് കാലത്ത് നാം കണ്ടത്. വന്‍കിട രാജ്യങ്ങള്‍ കൊവിഡിന് മുന്നില്‍ പതറിയപ്പോള്‍ മികച്ച ആരോഗ്യസംവിധാനം ഉള്ളതുകൊണ്ട് കേരളം അതിനെ നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. എം പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡോ വി ശിവദാസന്‍, എം വിജിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ഡിഎംഒ ഡോ കെ നാരായണ നായ്ക് എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, വൈസ് പ്രസിഡണ്ട് ഡി വിമല, ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദന്‍, പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിനാ ഭായ് എന്നിവരും പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍-ഇന്‍-ചാര്‍ജ് ഡോ.എസ് അജിത്ത്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ സുദീപ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാരായ ഡോ ഡി കെ മനോജ്, ഡോ വിമല്‍ രോഹന്‍, ആര്‍ എം ഒ ഡോ എസ് എം സരിന്‍ തുടങ്ങിയവരും പങ്കെടുത്തു.

date