Skip to main content

പോഷക വാരാചരണം സംഘടിപ്പിക്കും

ദേശീയ പോഷകാഹാര വാരാചരണത്തിന്റെ  ഭാഗമായി സെപ്റ്റംബര്‍ ഏഴ് വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍ പോഷകാഹാരത്തിന്റെ  പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാരാചരണം നടത്തുന്നത്. ജില്ലയിലെ 1348 അങ്കണവാടികളിലും കളര്‍ ഡേ പരിപാടി നടത്തും. പരിപാടിയുടെ ഭാഗമായി മഴവില്ലിലെ ഏഴു നിറങ്ങള്‍ പ്രതിനിധാനം ചെയ്തുകൊണ്ട് ഓരോ ദിവസങ്ങളിലും ഓരോ നിറത്തിലുള്ള പോഷകാഹാരങ്ങള്‍, പഴങ്ങള്‍, പച്ചക്കറി എന്നിവയുടെ പ്രദര്‍ശനവും അവയിലെ പോഷകാഹാര ഘടകങ്ങളുടെ പ്രചരണവും പൊതുജന പങ്കാളിത്തത്തോടുകൂടി നടത്തും. ജില്ലയിലെ 12 ഐസിഡിഎസ് കേന്ദ്രീകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഐസിഡിഎസുകള്‍ കേന്ദ്രീകരിച്ച്  ഓണ്‍ലൈന്‍ ബജറ്റ് മത്സരവും സംഘടിപ്പിക്കുമെന്ന് ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്ത് അറിയിച്ചു. കൂടാതെ ആയുഷ് വകുപ്പുമായി സഹകരിച്ച് ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ആവശ്യമായ പോഷകാഹാരത്തെക്കുറിച്ച് വെബിനര്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജില്ലയില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികള്‍ കൂടി ആരംഭിച്ചു കഴിഞ്ഞു.

date