Skip to main content

സ്ത്രീധനം; സ്‌കൂള്‍ തല ബോധവല്‍ക്കരണം അനിവാര്യം; വനിത കമ്മീഷന്‍

സ്‌കൂള്‍ തലത്തില്‍ സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. കോളേജുകളില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ അവര്‍ അറിയിച്ചു.

വിവാഹമല്ല വിദ്യാഭ്യാസമാണ് മുഖ്യം എന്ന രീതിയിലാണ് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തേണ്ടത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത്് അവരെ പുറന്തള്ളുന്ന സംഭവങ്ങള്‍ ഏറിവരികയാണ്. ഇത്തരം കേസുകളില്‍ കടുത്ത നടപടികള്‍ സ്വീകരിക്കും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ രണ്ടു വീതം മെഗാ അദാലത്തുകള്‍ സംഘടിപ്പിക്കും. ജില്ലാ തലത്തില്‍ എത്തുന്ന കേസുകള്‍ കുറയ്ക്കുന്നതിനൊപ്പം വനിതാകമ്മീഷന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ താലൂക്ക് തല അദാലത്തുകള്‍് വഴി സാധിക്കുമെന്നും അവര്‍ പറഞ്ഞു.

മെഗാ അദാലത്തില്‍ 70 പരാതികളാണ് ലഭിച്ചത്. ഇതില്‍ 22 പരാതികള്‍ തീര്‍പ്പാക്കി. 48 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. നാലു പരാതികളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ജോലിയില്‍ നിന്ന് പിരിച്ചു വിട്ട രണ്ടു പരാതികളടക്കം സ്്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, സ്വത്ത് തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും ലഭിച്ചത്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ, ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ. വിമലകുമാരി, അഡ്വ. പത്മജ പത്മനാഭന്‍, അഡ്വ. കെ എം പ്രമീള, അഡ്വ. കെ പി ഷിമ്മി, വനിതാ സെല്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ദില്‍ന, എ അനിത തുടങ്ങിയവര്‍ പങ്കെടുത്തു.

date