Skip to main content

മന്ത്രി ജി.ആർ. അനിലിന്റെ ഇടപെടലിൽ ഐ.എസ്.ആർ.ഒ ഭൂമി ഏറ്റെടുക്കലിന് ശാശ്വത പരിഹാരം

വലിയമല ഐ.എസ്.ആർ.ഒയുടെ വികസന പ്രവർത്തനങ്ങൾക്കായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾക്ക് സ്ഥലം എം.എൽ.എയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ജി.ആർ. അനിലിന്റെ ഇടപെടലിൽ ശാശ്വത പരിഹാരമായി. ഐ.എസ്.ആർ.ഒയുടെ വികസന പ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന 68 ഏക്കർ ഭൂമിയിൽ നാല് ഏക്കറോളം നിലമായിരുന്നു. അതിനാൽ നിലം കരഭൂമിയായി പരിവർത്തനം നടത്തിയാൽ മാത്രമേ നഷ്ടപരിഹാര തുക ഭൂ ഉടമകൾക്ക് കൈമാറാൻ കഴിയുകയുള്ളൂ എന്ന നിലപാടാണ് ഐ.എസ്.ആർ.ഒ സ്വീകരിച്ചിരുന്നത്. റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട് യോഗം ചേർന്നിരുന്നു. ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ, ഐ.എസ്.ആർ.ഒ ഡയറക്ടർ നാരായണൻ, കൺട്രോളർ സരസ്വതി, സിവിൽ എൻജിനിയർമാർ തുടങ്ങിയവർ ഇതിൽ പങ്കെടുത്തു. ഭക്ഷ്യ മന്ത്രിയുടെ ഇടപെടലിന്റെ ഫലമായി ഐ.എസ്.ആർ.ഒ ഡയറക്ടർ നാരായണൻ കഴിഞ്ഞ ദിവസം ഭൂമി ഏറ്റെടുക്കുന്നതിന് 68.23 കോടി രൂപയുടെ ചെക്ക് തിരുവനന്തപുരം ജില്ലാ കളക്ടർക്ക് കൈമാറി. 19(1) ഡിക്ലറേഷൻ പ്രസിദ്ധീകരിച്ച ശേഷം വില നിർണയ ഘട്ടത്തിലേക്ക് കടക്കും. വില നിശ്ചയിച്ച് കഴിഞ്ഞാലുടൻ തുക വിതരണം ചെയ്യും. ഇതോടെ ഇവിടെ താമസിച്ചിരുന്ന 191 കുടുംബങ്ങളുടെ ദുരതങ്ങൾക്ക് പരിഹാരമാകും.
പി.എൻ.എക്‌സ്. 3056/2021

date