Skip to main content

ചിരസ്മരണ പഠനയാത്രയ്ക്ക് നീലേശ്വരത്ത് സ്വീകരണം നല്‍കും

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ 'ചിരസ്മരണ' എന്ന പേരില്‍  ജില്ലാവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ചരിത്ര സ്വാതന്ത്ര്യസമര സ്മൃതിപഥങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെ പഠന യാത്ര സംഘടിപ്പിക്കും.  സെപ്റ്റംബര്‍ 11 ന് രാവിലെ മഞ്ചേശ്വരം ഡോ. ഗോവിന്ദ പൈ സ്മാരകത്തില്‍ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് 12 ന് ഉച്ചയ്ക്ക്  നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ നഗരസഭയുടെ  നേതൃത്വത്തില്‍  സ്വീകരണമൊരുക്കും. യാത്ര  വൈകീട്ട്   കയ്യൂരില്‍ സമാപിക്കും. മഹാപ്രതിഭകളായിരുന്ന
ടി ഉബൈദ്, പി.കുഞ്ഞിരാമന്‍ നായര്‍,  കുട്ടമത്ത്,  ടി എസ് തിരുമുമ്പ്, വിദ്വാന്‍ പി കേളുനായര്‍,   എ.സി. കണ്ണന്‍ നായര്‍ തുടങ്ങിയ വ്യക്തികളുടെ പ്രദേശങ്ങളും കയ്യൂര്‍ സമരം, കാടകം സത്യാഗ്രഹം തുടങ്ങിയ  ചരിത്ര സംഭവങ്ങളുടെയും സ്മരണകളുണര്‍ത്തുന്ന  കേന്ദ്രങ്ങളും  ബേക്കല്‍ കോട്ടയും രണ്ട് ദിവസങ്ങളിലായി സംഘം സന്ദര്‍ശിക്കും. സ്വാതന്ത്ര്യത്തിന്റെ എഴുത്തിയഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായ  36   വിദ്യാര്‍ത്ഥികളാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേക വാഹനങ്ങളില്‍ നടത്തുന്ന പഠന യാത്രയില്‍ പങ്കെടുക്കുന്നത്.
   യാത്രയുടെ ഭാഗമായി നീലേശ്വരത്തെത്തുന്ന സംഘത്തിന്  പ്രൊഫ.കെ.പി ജയരാജന്‍ പ്രദേശത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തെ സംബന്ധിച്ച് ക്ലാസ് നല്‍കും.  മഹാത്മാഗാന്ധി സ്വന്തം കൈപ്പടയില്‍   നീലേശ്വരത്തെ കുട്ടികള്‍ക്കായി  നല്‍കിയ  സന്ദേശത്തിന്റെ പകര്‍പ്പ് സംഘാംഗങ്ങള്‍ക്ക് സമ്മാനിക്കും. 1927 ല്‍ ഖാദിയുടെ പ്രചാരണത്തിനും വളര്‍ച്ചയ്ക്കുമായി മദ്രാസ് മുതല്‍ മംഗലാപുരം വരെ നടത്തിയ തീവണ്ടി യാത്രയ്ക്കിടയില്‍ ഗാന്ധിജി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍  നാട്ടുകാരുടെ സ്വീകരണം ഏറ്റുവാങ്ങിയിരുന്നു. സ്വന്തം കൈപ്പടയില്‍ ഗാന്ധിജി നല്‍കിയ സന്ദേശം രാജാസ് ഹൈസ്‌കൂളില്‍ ഇന്നും  സൂക്ഷിച്ചിട്ടുണ്ട്.  കയ്യൂരിന്റെ വിപ്ലവഗാഥ 'ചിരസ്മരണ' എന്ന പേരില്‍ നോവലാക്കിയ നിരഞ്ജന പഠിച്ച വിദ്യാലയമാണ് രാജാസ് സ്‌കൂള്‍. സ്വീകരണ പരിപാടിക്കായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത ചെയര്‍പേഴ്‌സണും എ.ഇ. ഒ   കെ.ടി ഗണേശ് കുമാര്‍ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

date