Skip to main content

ക്ഷീര സംഘങ്ങള്‍ക്ക്  പുതിയ കെട്ടിടം മന്ത്രി ജെ. ചിഞ്ചുറാണി  ഉദ്ഘാടനം ചെയ്യും

പൊന്നാനി ബ്ലോക്കിലെ കോലൊളബ് ക്ഷീര സംഘത്തിനും പരപ്പനങ്ങാടി ബ്ലോക്കിലെ ഉള്ളണം ക്ഷീര സംഘത്തിനും ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടങ്ങള്‍ യാഥാര്‍ഥ്യമായി. ക്ഷീര വികസന വകുപ്പിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ക്ഷീര വികസനം, മൃഗ സംരക്ഷണം വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഇന്ന് (സെപ്തംബര്‍ നാല്, ശനി) ഉദ്ഘാടനം ചെയ്യും. ക്ഷീര സംഘങ്ങള്‍ സ്വന്തമായി വാങ്ങിയ സ്ഥലത്ത് കര്‍ഷകരില്‍ നിന്നും പാല്‍ സ്വീകരിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളോടുകൂടിയ ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ റൂമോടുകൂടിയ കെട്ടിടമാണ് നിര്‍മ്മിച്ചത്. ഇതിന് 3,75,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

ഉള്ളണം ക്ഷീര സംഘത്തിത്തിന്റെ കെട്ടിടോദ്ഘാടനം രാവിലെ 8.30നും കോലൊളബ് ക്ഷീര സംഘത്തിന്റെ കെട്ടിട സമര്‍പ്പണം രാവിലെ 11.30നുമാണ് മന്ത്രി നിര്‍വ്വഹിക്കുക. ഉള്ളണത്ത് കെ.പി.എ മജീദ് എം.എല്‍.എയും കോലൊളമ്പില്‍ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എയും അധ്യക്ഷരാകും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 251 ക്ഷീര സംഘങ്ങളില്‍ 93 ക്ഷീര സംഘള്‍ക്കും സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 47 ക്ഷീര സംഘങ്ങള്‍ക്ക്  ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ റൂം സര്‍ക്കാറിന്റെ ധനസഹായം പദ്ധതിയിലൂടെ നിര്‍മ്മിക്കാനായിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ ഖമര്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതികളുടെ ഭാഗമായി ക്ഷീര സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് ക്ഷീര സംഘങ്ങള്‍ക്ക് ഫാര്‍മര്‍ ഫെസിലിറ്റെഷന്‍ സെന്റര്‍, സോളാര്‍ എനര്‍ജി പദ്ധതി, മഴ വെള്ള സംഭരണ പദ്ധതി, ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് തുടങ്ങി വിവിധ പദ്ധതികള്‍ക്ക് ധനസഹായം നല്‍കി വരുന്നുണ്ട്.

date