Skip to main content

മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ട്രിപ്പിള്‍ ജീവപര്യന്തം: ജില്ലയില്‍ ഇത്തരത്തിലൊരു ശിക്ഷാവിധി ആദ്യം

 മൂന്നുവര്‍ഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ചുവന്ന പിതാവിനെ പ്രതിയാക്കി എടുത്ത കേസില്‍ ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ പോക്‌സോ കോടതി. വെച്ചൂച്ചിറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജഡ്ജി കെ.എന്‍. ഹരികുമാര്‍  അപൂര്‍വമായ ശിക്ഷ വിധിച്ചത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു കേസില്‍ ഇങ്ങനെ ഒരു വിധി വന്നിരിക്കുന്നത്. മകളെ പീഡിപ്പിച്ചതിലൂടെ, സംരക്ഷിക്കേണ്ടയാള്‍ തന്നെ പലതവണ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് അങ്ങേയറ്റം ഗൗരവമേറിയ കുറ്റമെന്ന് കണ്ടെത്തിയ കോടതി, ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 376(2), (എഫ്), 376(ഐ), 376 (എന്‍) എന്നീ വകുപ്പുകള്‍ പ്രകാരം മൂന്ന് വീതം ജീവപര്യന്തവും, 30,000 വീതം ആകെ 90,000 രൂപ പിഴയും ശിക്ഷ വിധിക്കുകയാണുണ്ടായത്. 2016 മുതല്‍ 2019 ഏപ്രില്‍ 17 വരെയുള്ള കാലയളവില്‍ പ്രതി മകളെ പീഡിപ്പിച്ചുവരികയായിരുന്നു. 2019 ജൂണ്‍ മൂന്നിന് രജിസ്റ്റര്‍ ചെയ്ത്, അന്വേഷണത്തിന് ഒടുവില്‍ ഒക്ടോബര്‍ 14 ന് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസിന്റെ വിചാരണ തുടങ്ങിയത് ഈവര്‍ഷം ജനുവരി അഞ്ചിനായിരുന്നു.
         2016 ല്‍ ഒമ്പത് വയസുണ്ടായിരുന്ന മകളെ വിവിധ സ്ഥലങ്ങളിലെ വാടകവീടുകളില്‍ താമസിച്ചു വരവെയാണ് സ്ഥിരം മദ്യപാനിയായ പിതാവ് പീഡിപ്പിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്റ്റേഷനിലെത്തുകയും, വെച്ചൂച്ചിറ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അന്നത്തെ വെച്ചൂച്ചിറ എസ്‌ഐ ടി.എന്‍. രാജന്റെ നേതൃത്വത്തില്‍  ജൂണ്‍ നാലിന് പ്രതിയെ അറസ്റ്റ് ചെയ്തു.
അന്നുമുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരികയാണ്. പോലീസ് ഇന്‍സ്പെക്ടര്‍മാരായ ടി. ബിജു, ആര്‍. സുരേഷ് എന്നിവര്‍ തുടര്‍ന്ന് അന്വേഷിച്ച കേസില്‍  അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍. സുരേഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയും, നിരവധി സാക്ഷികളെ കണ്ട് മൊഴികള്‍ ശേഖരിക്കുകയും മറ്റും ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ്, കോടതി മുമ്പാകെ 28 സാക്ഷികളെയും, കുട്ടിയുടെയും പ്രതിയുടെയും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ തെളിവുകളും,വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും ഹാജരാക്കി.
ഇരയായ പെണ്‍കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിങ്ങിലൂടെയും ശക്തമായ പിന്തുണ നല്‍കി കോടതിയില്‍ വിചാരണവേളയില്‍ ഹാജരാക്കാന്‍ പോലീസിന് സാധിച്ചത് പ്രോസിക്യൂഷന് ഏറെ സഹായകമായി. പിതാവില്‍ നിന്നും കൊടിയ പീഡനം നേരിട്ട പെണ്‍കുട്ടി അനുഭവിച്ചത് വലിയ മാനസിക വ്യഥകളാണെന്നും, സംരക്ഷിക്കേണ്ടവര്‍ തന്നെ അതുചെയ്യാതെ, അതിക്രമം കാട്ടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും വിലയിരുത്തിയ കോടതി പ്രതിക്ക് അര്‍ഹിച്ച ശിക്ഷ പ്രഖ്യാപിക്കുന്നതിലൂടെ സമൂഹത്തിന് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശം നല്‍കുകയായിരുന്നു. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരവേ തന്നെ മികച്ച നിലയില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കാനായത് പോലീസിന്റെ വലിയ നേട്ടമാണ്. ശക്തമായ സാക്ഷിമൊഴികളും,  സാഹചര്യതെളിവുകളും, ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് തുണയായപ്പോള്‍, ഇത്തരമൊരു കേസില്‍ ജില്ലയിലെ ആദ്യത്തെ ട്രിപ്പിള്‍ ജീവപര്യന്തവും നഷ്ടപരിഹാരത്തുകയും ശിക്ഷയായി പോക്‌സോ കോടതി വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആര്‍ കിരണ്‍ രാജ് ഹാജരായി. അന്വേഷണ സംഘത്തില്‍ എഎസ്‌ഐ മനോജ്, സിപിഒമാരായ സ്മിത, സുഗേഷ് എന്നിവരും ഉണ്ടായിരുന്നു.

date