Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ട്സ്/ കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ അവസാന വര്‍ഷ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണനയുണ്ട്.. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ മാത്രമേ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ പരിഗണിക്കൂ. പ്ലസ് ടു/ ഡിഗ്രിയ്ക്ക് 60 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബി.പി.എല്‍ വിഭാഗക്കാര്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. 30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ എന്നിവയ്ക്ക് സ്‌കോളര്‍ഷിപ്പ് തുക ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2300524.
 

date