Skip to main content

പാലങ്ങളുടെ നിര്‍മാണം:  സര്‍വേ നടപടി സെപ്റ്റംബറില്‍   പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം 

 

ആലപ്പുഴ: ശവക്കോട്ട പാലം, ജില്ലാ കോടതി പാലം, തട്ടാശ്ശേരി പാലം, പുന്നമടപ്പാലം എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. ഈ മാസം തന്നെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് ഓരോ വ്യക്തിക്കും ലഭിക്കേണ്ട തുക സംബന്ധിച്ച വിശദ വിലവിവര പട്ടിക തയാറാക്കാനും നിര്‍ദ്ദേശം നല്‍കി. പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി ചര്‍ച്ച ചെയ്യാനായി കളക്‌ട്രേറ്റില്‍ കൂടിയ യോഗത്തിലായിരുന്നു നിര്‍ദ്ദേശം. 

ജില്ലാ കോടതി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഈ മാസം പത്തിനകം സര്‍വ്വേ രേഖകള്‍ അംഗീകരിച്ചു നല്‍കാന്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ടിനോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. രേഖകള്‍ അംഗീകരിച്ചു കിട്ടിയാലുടന്‍ ഓരോ വ്യക്തിക്കും നല്‍കേണ്ട വില എത്രയാണെന്ന് നിശ്ചയിക്കുന്ന വിശദ വിലവിവരപ്പട്ടിക ഉത്തരവായി ഇറക്കണം. അംഗീകരിച്ച സര്‍വ്വേ രേഖകള്‍ ലഭിച്ചതിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ ഓരോ വ്യക്ത്തിക്കും നല്‍കേണ്ട വില അംഗീകരിച്ചു നല്‍കാനാണ് നിര്‍ദേശം. 

പാലത്തിന് സമീപത്തെ കച്ചവടക്കാര്‍ക്കും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കുമുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കാനായി ഈ മാസം ഹിയറിങ്ങ് നടത്തി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് പാക്കേജ് സമര്‍പ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. സമീപത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാനും നിര്‍ദ്ദേശിച്ചു.

പുന്നമ്മട പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പുനരധിവാസ പാക്കേജും വിശദ വിലവിവര പട്ടികയും തയാറാക്കും. പാലത്തിന്റെ നിര്‍മാണത്തിനായി കൂടുതലായി ആവശ്യമുള്ള സ്ഥലത്തിന്റെ സര്‍വേ നടപടികള്‍ക്കായി കെ.ആര്‍.എഫ്.ബി. ഉത്തരവ് നല്‍കും. തട്ടാശ്ശേരി പാലത്തിന്റെ നിര്‍മാണത്തിനായി കൂടുതലായി ആവശ്യമുള്ള സ്ഥലത്തിന്റെ സര്‍വേ രേഖകള്‍ തയാറാക്കും. സര്‍വേ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉത്തരവിനായി സര്‍ക്കാറിലേക്ക് കത്ത് എഴുതാനും നിര്‍ദ്ദേശം നല്‍കി. ശവക്കോട്ട പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുനരധിവാസ പാക്കേജ് തയാറാക്കാനും വിശദ വില വിവരപ്പട്ടിക തയാറാക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. 

യോഗത്തില്‍ ജില്ല വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, ഡെപ്യൂട്ടി കളക്ടര്‍ എസ്. ശോഭ, ചേര്‍ത്തല തഹസില്‍ദാര്‍ വി. എസ്. ജയ, കെ.ആര്‍.എഫ്.ബി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date