Skip to main content

വയോജന ക്ഷേമ പദ്ധതികൾക്ക് തദ്ദേശസ്ഥാപനങ്ങൾ  പ്രാധാന്യം നൽകണം: മന്ത്രി വി.എൻ. വാസവൻ 

 

 

കോട്ടയം: വയോജനങ്ങളുടെ ക്ഷേമത്തിന് കൂടുതൽ പ്രാധാന്യം നൽകി പദ്ധതികൾ നടപ്പാക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെ വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ചെങ്ങളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 

വയോജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ നടപ്പാക്കുന്നതിൽ തിരുവാർപ്പ് പഞ്ചായത്ത് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. വാർഷിക ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി ഒമ്പതു ലക്ഷം രൂപ മുടക്കി 180 വയോജനങ്ങൾക്കാണ് കട്ടിലുകൾ നൽകുന്നത്. ഒരു വാർഡിൽ 10 പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ബിന്നു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.എസ്. ഷീനാമോൾ, കെ.ആർ. അജയ്, ജെസി നൈനാൻ, ഗ്രാമപഞ്ചായത്തംഗം കെ.സി. മുരളീകൃഷ്ണൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ എസ്. ശ്രീമോൾ എന്നിവർ പ്രസംഗിച്ചു.

date