Skip to main content

ഉത്തരവാദിത്ത ടൂറിസം: അഞ്ചുവർഷത്തേക്കുള്ള പദ്ധതികൾ 15 ദിവസത്തിനകം തയാറാക്കും

 

 

കോട്ടയം: ഉത്തരവാദിത്ത ടൂറിസം മിഷന്റെ അഞ്ചുവർഷത്തേക്കുള്ള കർമപദ്ധതി രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 15 ദിവസത്തിനുള്ളിൽ പദ്ധതികൾ സമർപ്പിക്കും. 

രൂപരേഖ തയാറാക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെ ഓൺലൈൻയോഗത്തിലാണ് തീരുമാനം.

ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലയിൽ അഞ്ചു വർഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതികളുടെ സമഗ്ര അവലോകനം സംസ്ഥാന കോർഡിനേറ്റർ കെ. രൂപേഷ് കുമാർ അവതരിപ്പിച്ചു

ഉത്തരവാദിത്ത ടൂറിസം മിഷൻ നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പഞ്ചായത്തുകൾ പുതിയതായി നടപ്പാക്കേണ്ട പദ്ധതികൾ അവതരിപ്പിച്ചു.  മറ്റു പഞ്ചായത്തുകൾ അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട പദ്ധതികളെപ്പറ്റി വിശദീകരിച്ചു. കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര നീണ്ടൂർ, തലയാഴം, മറവൻതുരുത്ത്, കല്ലറ, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകളും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ചർച്ചയിൽ പങ്കെടുത്തു. 

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അജയൻ കെ. മേനോൻ, ധന്യാ സാബു, റോസിലി ടോമിച്ചൻ, വി.കെ പ്രദീപ്, ബിനിമോൻ, കെ.ബി. രമ, ജോണി തോട്ടുങ്കൽ, സൈനമ്മ  ഷാജു, ജില്ലാ പഞ്ചായത്തംഗവും ഉത്തരവാദിത്ത ടൂറിസം മിഷൻ റിസോഴ്‌സ് പേഴ്‌സണുമായ ഹൈമി ബോബി, മിഷൻ കോർഡിനേറ്റർ ബിജി സേവ്യർ, മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി.എസ്. ഭഗത് സിംഗ് എന്നിവർ സംസാരിച്ചു.

date