Skip to main content

കോവിഡ് -19 ആഘാതം: ഗാര്‍ഹിക സര്‍വ്വേയ്ക്ക് തുടക്കമായി, വ്യവസായ സര്‍വ്വെ പൂര്‍ത്തീകരിച്ചു

 

 കോവിഡ്- 19 തൊഴില്‍ സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ള ആഘാതങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പഠിക്കുന്നതിനായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ  നേതൃത്വത്തില്‍ കോവിഡ് ഇമ്പാക്ട് സര്‍വ്വേ ജില്ലയില്‍ ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന സര്‍വ്വെയിലെ ആദ്യ രണ്ട് ഘട്ടങ്ങളായ അസംഘടിത മേഖലയിലെ വ്യവസായ യൂണിറ്റുകളിലെയും സംഘടിത മേഖലയിലെ വ്യവസായ യൂണിറ്റുകളിലെയും സര്‍വ്വേ പൂര്‍ത്തീകരിച്ചു. മൂന്നാം ഘട്ടമായി കോവിഡ് -19  ഗാര്‍ഹിക മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ള ആഘാതമാണ് സര്‍വേയിലൂടെ കണ്ടെത്തുന്നത്. ഇതിന് ഇടുക്കി ജില്ലയിലെ ഗ്രാമീണ നഗര മേഖലകളില്‍ നിന്നായി 16 സാമ്പിളുകള്‍ (ഗ്രാമീണ മേഖലയില്‍ പഞ്ചായത്ത് വാര്‍ഡുകള്‍  നഗര മേഖലയില്‍ അര്‍ബന്‍ ഫ്രെയിം സര്‍വ്വേ ബ്ലോക്കുകള്‍) വിവരശേഖരണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഈ സാമ്പിളുകളിലെ തിരഞ്ഞെടുത്ത കുടുംബങ്ങളുടെ  സാമ്പത്തിക അവസ്ഥ,  തൊഴില്‍ ലഭ്യത,  ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഓണ്‍ലൈന്‍ ഷോപ്പിംഗ്,  ഭക്ഷണത്തിന്റെ സ്രോതസ്സ്, വായ്പ എന്നീ വിഷയങ്ങള്‍ പഠന വിധേയമാക്കും. 

സെപ്റ്റംബര്‍ 15-ന് സമാപിക്കുന്ന സര്‍വേയിലൂടെ കണ്ടെത്തുന്ന വിവരങ്ങള്‍ പദ്ധതികളുടെ ആസൂത്രണത്തിനും നയരൂപീകരണത്തിനും വിനിയോഗിക്കും . വിവരശേഖരണത്തിനെത്തുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍,  സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
 

date