Skip to main content

പട്ടയമായി; മലയോര കര്‍ഷകര്‍ക്ക് ഇനി ആശ്വാസത്തിന്റെ നാളുകള്‍

ജില്ലയിലെ മലയോര കര്‍ഷകരായ 270 പേര്‍ക്ക് വനഭൂമി പട്ടയമായി. സംസ്ഥാന തല പട്ടയമേളയോടനുബന്ധിച്ച് താലൂക്ക് തല പട്ടയമേളയിലാണ് വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്തത്. തൃശൂര്‍ താലൂക്ക്, തലപ്പിള്ളി താലൂക്ക്, ചാലക്കുടി താലൂക്ക് എന്നിവിടങ്ങളിലാണ് വനഭൂമി പട്ടയങ്ങള്‍ അര്‍ഹരുടെ കൈകളിലെത്തിയത്.

തൃശൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്തത്. 216. ഇതില്‍ 75 പട്ടയങ്ങള്‍ പീച്ചി വില്ലേജിലും 64 പട്ടയങ്ങള്‍ മാടക്കത്തറ വില്ലേജിലുമാണ് വിതരണം ചെയ്തത്. തലപ്പിള്ളി താലൂക്കില്‍ 28, ചാലക്കുടി താലൂക്കില്‍ 4 എന്നിങ്ങനെയും വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്തു.

1977 ന് മുന്‍പ് മലയോര മേഖലയില്‍ കുടിയേറിയവര്‍ക്ക് സ്വന്തമായി പട്ടയം നല്‍കണമെന്ന 189/2019 സര്‍ക്കാര്‍ ഉത്തരവിന്റെഅടിസ്ഥാനത്തിലാണ് വനഭൂമി പട്ടയങ്ങള്‍ 3 ഘട്ടങ്ങളിലായി നല്‍കണമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത്. 40 വര്‍ഷമായി വളരെ ചുരുങ്ങിയ തോതിലാണ് ജില്ലയില്‍ വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്യാനായത്.

പട്ടയം ലഭിക്കാത്തതിന്റെ പേരില്‍ കാലങ്ങളായി സര്‍ക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരല്ലാതെയാണ് മലയോര മേഖലയിലുള്ളവര്‍ കഴിഞ്ഞിരുന്നത്. ഇതിനും പട്ടയമേളയിലുടെ പരിഹാരമാകുന്നു. റവന്യൂ, വനം വകുപ്പുകള്‍ ചേര്‍ന്ന് ജോയിന്റ് വെരിഫിക്കേഷന്‍ നടത്തിഇനിയും അര്‍ഹരെ കണ്ടെത്തി വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് പദ്ധതി.

ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാനതല പട്ടയമേള ഉദ്ഘാടന ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജന്‍, ജില്ലയിലെ മറ്റു മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, ആര്‍ ബിന്ദു, കലക്ടര്‍ ഹരിത വി കുമാര്‍ തുടങ്ങിയവര്‍ തൃശൂര്‍ താലൂക്കിലെ 18 പേര്‍ക്ക് വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പുറത്തെ വേദിയിലും വനഭൂമി പട്ടയ വിതരണം നടത്തി.

date