Skip to main content

മലയാളസര്‍വകലാശാല എം.എ കോഴ്‌സ് പ്രവേശനം:  അപേക്ഷ ക്ഷണിച്ചു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018-19 അധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്‌കാരപൈതൃകപഠനം, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷേ്യാളജി, ചലച്ചിത്രപഠനം എന്നീ എം.എ. കോഴ്‌സുകള്‍ക്ക് ജൂണ്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം.  ജൂലൈ ഏഴിന് 9.30 മുതല്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ എട്ട് കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും.  ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 20 ശതമാനം ഒബ്ജക്ടീവ് രീതിയിലും 80 ശതമാനം വിവരണാത്മക രീതിയിലുമുള്ള ചോദ്യങ്ങള്‍ ഉണ്ടാകും.  ജൂലൈ 30 ന് പ്രവേശനം ആരംഭിക്കും.  പത്തുപേര്‍ക്കാണ് ഓരോ കോഴ്‌സിലും പ്രവേശനം.  നാലു സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്‌സുകള്‍ക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത.  ജൂലൈ 31 ന് 28 വയസ് കഴിയാന്‍ പാടില്ല.  (പട്ടികജാതി-വര്‍ഗം, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് 30 വയസ്).  ഓരോ കോഴ്‌സിനും വെവ്വേറെ അഭിരുചി പരീക്ഷയുണ്ടായിരിക്കും.  ഒരാള്‍ക്ക് പരമാവധി രണ്ടുകോഴ്‌സുകള്‍ക്ക് പ്രവേശന പരീക്ഷ എഴുതാം.  സാഹിത്യരചനാ കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ അഞ്ചു പുറത്തില്‍ കവിയാത്ത ഒരു രചന (കഥ, കവിത രണ്ടെണ്ണം, ആസ്വാദനം, നിരൂപണം) അഭിരുചി പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമര്‍പ്പിക്കണം.  ഇതിന് 20 മാര്‍ക്ക് ലഭിക്കും.  രചനയില്‍ പേര് എഴുതാന്‍ പാടില്ല.  
ഓണ്‍ലൈനായും പേരിട്ടും അപേക്ഷ നല്‍കാം.  ഓരോ കോഴ്‌സിനും 350 രൂപയാണ് അപേക്ഷാ ഫീസ്.  (പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 150 രൂപ).  എസ്.ബി.ഐ. തിരൂര്‍ ടൗണ്‍ശാഖയിലുള്ള സര്‍വകലാശാലയുടെ 32709117532 എന്ന അക്കൗണ്ടിലേക്ക് പണമടച്ച് യു.ടി.ആര്‍/ജേര്‍ണല്‍ നമ്പര്‍ വിവരങ്ങള്‍ അപേക്ഷയില്‍ കാണിക്കണം.  അപേക്ഷാഫോറം www.malayalamuniversity.edu.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  അപേക്ഷ ഓണ്‍ലൈനായി അയക്കുമ്പോള്‍ ഫോട്ടോ, കൈയൊപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കണം.  വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് നേരിട്ട് അപേക്ഷ നല്‍കുന്നവര്‍ ഫീസ് തുക തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, തിരൂര്‍ എന്ന പേരില്‍ ഡി.ഡി. യായി നല്‍കണം. 
(പി.ആര്‍.പി 1611/2018)

date