Skip to main content

സഫായ് കര്‍മചാരിസ് കമ്മീഷന്‍ അധ്യക്ഷന്‍ എം.വെങ്കിടേശന്‍ മൂന്നാറില്‍ സന്ദര്‍ശനം നടത്തി

 

ശുചികരണ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം  വിലയിരുത്തുന്നതിനായി സഫായ് കര്‍മചാരി കമ്മീഷന്‍  അധ്യക്ഷന്‍ എം.വെങ്കിടേശന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. ശുചീകരണ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ മൂന്നാര്‍  എം.ജി കോളനിയിലെ  തൊഴിലാളികളുടെ വീടുകളിലാണ് സഫായ് കര്‍മചാരിസ് കമ്മീഷന്‍ അധ്യക്ഷന്‍ എം. വെങ്കടേശന്‍ സന്ദര്‍ശിച്ചത്.  വീടുകള്‍ സന്ദര്‍ശിച്ച കമ്മീഷന്‍ അദ്ധ്യക്ഷന്‍ ശുചീകരണ തൊഴിലാളികളുടെ ജീവിത നിലവാരവും, തൊഴില്‍ സാഹചര്യവും വിലയിരുത്തി. എം.ജി കോളനിയില്‍ ശുചികരണ തൊഴിലാളികള്‍ക്ക് നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കുന്നു എന്ന പരാതിയും കമ്മീഷന്‍ അധ്യക്ഷന്‍ പരിഗണിച്ചു. തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി 12 വര്‍ഷത്തിന് ശേഷം കൈമാറ്റം ചെയ്യാന്‍ നിയമ സാധ്യതയുണ്ടെന്ന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മണിമൊഴി കമ്മീഷനെ അറിയിച്ചു. നിലവില്‍ സ്ഥല കൈമാറ്റവുമായി പരാതികള്‍ ലഭിച്ചിട്ടില്ലെന്നും നിയമ വിരുദ്ധമായി സ്ഥല കൈമാറ്റം നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. 

തുടര്‍ന്ന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ശുചീകരണ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കമ്മീഷന്‍  അധ്യക്ഷന്‍ എം.വെങ്കിടേശന്‍ ചോദിച്ചറിഞ്ഞു. മാസ ശമ്പളം, അവധി, ആനുകൂല്യങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട്, ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുടങ്ങി വിവിധ കാര്യങ്ങള്‍ തൊഴിലാളിയുമായി സംസാരിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വാക്സിന്‍ അടക്കം ആവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ ലഭ്യമായിട്ടുണ്ടോയെന്നും കമ്മീഷന്‍ അധ്യക്ഷന്‍ അന്വേഷിച്ചു. ശമ്പളം മുടക്കമില്ലാതെ ലഭിക്കുന്നുണ്ടെന്നും കൊവിഡ് വാക്സിനടക്കം മാസ്‌ക്, സാനിറ്റൈസര്‍, സോപ്പ്, ഗ്ലൗസ് തുടങ്ങി കൊവിഡ് പ്രതിരോധ സാമഗ്രികള്‍ കൃത്യമായി പഞ്ചായത്ത് അധികൃതര്‍  ലഭ്യമാക്കുന്നുണ്ടെന്നും തൊഴിലാളികള്‍ കമ്മീഷനെ അറിയിച്ചു.  തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം ലഭിക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും അദ്ധ്യക്ഷന്‍ അറിയിച്ചു. 

മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മണിമൊഴി, ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് കൃഷ്ണപിള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date