Skip to main content

കെൽട്രോണിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ  ഇലക്ട്രോണിക്‌സ് ഹബ്ബാക്കി ഉയർത്തും : വ്യവസായ മന്ത്രി പി രാജീവ്

സംസ്ഥാനത്തിന്റെ വ്യാവസായിക രംഗത്ത് ഇലക്ട്രോണിക്‌സ് മേഖലയ്ക്ക് കൂടുതൽ ഫോക്കസ് നൽകുമെന്നും അതിനു ചുക്കാൻ പിടിക്കാൻ ശേഷിയുള്ളതാക്കി കെൽട്രോണിനെ ഉയർത്തുമെന്നും  വ്യവസായ   മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി കെൽട്രോൺ നിർമ്മിച്ച പൾസ്  ഓക്‌സിമീറ്റർ, ശ്രവൺ - മിനി ഹിയറിങ് എയ്ഡ്, സോളാർ പമ്പ് കൺട്രോളർ, 5kVA യു പി എസ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വലിയ ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ട്. കേരളം മാത്രമാണ് ഇന്ന് പൊതുമേഖലയെ സംരക്ഷിക്കുന്നത്. എന്നാൽ അത് വിജയകരമായ ബദലാണെന്നു ബോധ്യപ്പെടുത്തണമെങ്കിൽ അവയെല്ലാം ലാഭകരമാക്കണം. പൊതുമേഖലയുടെ സംരക്ഷണം അവിടുള്ള ജീവനക്കാരുടെയും സംഘടനകളുടെയും മാത്രം ചുമതലയല്ല. ഗവണ്മെന്റ്, മാനേജ്മെന്റുകൾ, ജീവനക്കാർ, തൊഴിലാളികൾ, അവരുടെ സംഘടനകൾ തുടങ്ങി എല്ലാവരും ചേർന്നാൽ നമുക്ക് വലിയ മാറ്റം ഈ മേഖലയിൽ കൊണ്ടുവരാൻ കഴിയും. സർക്കാർ എല്ലാ പൊതുമേഖലയുടെയും മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. പൊതുമേഖലയ്ക്ക് കൂടുതൽ സ്വയംഭരണം നൽകുന്ന തരത്തിൽ ബോർഡുകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകാനാണ് ഉദ്ദേശിക്കുന്നത്. സർക്കാർ നയങ്ങൾക്ക് അനുസൃതമാണോ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്ന് പരിശോധിക്കേണ്ട ചുമതല ബോർഡുകൾക്കായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ അദ്ധ്യക്ഷനായി. കരകുളം പഞ്ചായത്ത് പ്രസിഡണ്ട് ലേഖ റാണി, വാർഡ് മെമ്പർ എസ് സുരേഷ് കുമാർ, കെൽട്രോൺ ചെയർമാൻ & മാനേജിങ് ഡയറക്ടർ എൻ  നാരായണമൂർത്തി, ചീഫ് ജനറൽ മാനേജർമാരായ  ബെറ്റി ജോൺ, കെ ഉഷ, പ്ലാനിംഗ് മേധാവി സുബ്രഹ്‌മണ്യം, അംഗീകൃത തൊഴിലാളി സംഘടനാ പ്രസിഡന്റുമാർ, കെൽട്രോൺ ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പി.എൻ.എക്‌സ്. 3472/2021

 

date