Skip to main content

പച്ചത്തുരുത്ത് തൈ നടലും പരിശീലനവും സംഘടിപ്പിച്ചു

   

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടന്ന സ്മൃതി വനം പച്ചത്തുരുത്ത് തൈ നടലും ജനപ്രതിനിധി- കുടുംബശ്രീ- ഉദ്യോഗസ്ഥ പരിശീലനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. താഴേക്കോട് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ മൂന്ന് ഏക്കര്‍ സ്ഥലത്താണ് സ്മൃതി വനം - പച്ചത്തുരുത്ത് വനവല്‍ക്കരണത്തിന്റെ ഭാഗമായി തൈ നട്ടത്. വനവല്‍ക്കരണത്തിനായി  സ്ഥലം വിട്ടുനല്‍കിയ കറുത്തേടത്ത് മന കുട്ടന്‍ നമ്പൂതിരിയെ യോഗത്തില്‍ പൊന്നാട നല്‍കി ആദരിച്ചു.        
 

തൊഴിലുറപ്പ് പദ്ധതിയിലെ നിലവിലുള്ള ആന്വല്‍ മാസ്റ്റര്‍ സര്‍ക്കുലര്‍ പ്രകാരം നൂതന പദ്ധതികള്‍ ഏറ്റെടുക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിശീലന പരിപാടി  അരക്കുപറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍  നടന്നു.  ജോയിന്റ് ബി.ഡി.ഒ (ആര്‍.എച്ച്) സുജാത,   ജോയിന്റ് ബിഡിഒ (ഇജിഎസ്) സി.വി. ശ്രീകുമാര്‍ ക്ലാസിന് നേതൃത്വം  നല്‍കി.
 

താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫിയ ടീച്ചര്‍ അധ്യക്ഷയായി. മലപ്പുറം ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ജി. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സോഷ്യല്‍ ഫോറസ്ട്രി ഓഫീസര്‍  ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് എം.ജി.എന്‍.ആര്‍.ജി.എസ് അക്രഡിറ്റഡ് എഞ്ചിനീയര്‍ എം.വി. സന്ദീപ്, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍, തൊഴിലുറപ്പുപദ്ധതി മേറ്റുമാര്‍, പെരിന്തല്‍മണ്ണ ബ്ലോക്കിലെ  വിവിധ ഗ്രാമപഞ്ചായത്തുകളിലുള്ള  തൊഴിലുറപ്പ്  ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക  പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date