Skip to main content

അക്ഷയകേരളം; ജില്ലയില്‍ 90 ക്ഷയരോഗികളെ കണ്ടെത്തി

ആലപ്പുഴ: അക്ഷയ കേരളം ക്യാമ്പയിനിലൂടെ ആലപ്പുഴ ജില്ലയില്‍ പുതിയതായി 90 ക്ഷയരോഗികളെ കണ്ടെത്തി. സെപ്റ്റംബര്‍ രണ്ടിന് തുടങ്ങിയ ക്യാമ്പയിന്‍ നവംബര്‍ ഒന്നുവരെ നീണ്ടു നില്‍ക്കും.

വായുവിലൂടെ പകരുന്ന ക്ഷയരോഗം കൃത്യസമയത്ത് ശരിയായ ചികിത്സയിലൂടെ പരിപൂര്‍ണ്ണമായും ഭേദമാക്കാനാകുമെന്നും രോഗബാധയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം തിരിച്ചറിയാന്‍ വൈകുന്നത് സ്ഥിതി സങ്കീര്‍ണ്ണമാകുന്നതിനും മരണത്തിനും വരെ കാരണമായേക്കും.  മറ്റുള്ളവരിലേക്ക് പകരുന്നതിനും സാധ്യത ഏറും. 

രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ, ശരീരം ക്ഷീണിക്കുക, പെട്ടെന്ന് ശരീരഭാരം കുറയുക, രാത്രി വിറയലോടുകൂടിയ പനി, ചുമച്ചു രക്തം തുപ്പുക, നെഞ്ചുവേദന, വിശപ്പില്ലായ്മ, കോവിഡിനൊപ്പം ചുമ, കോവിഡ് ഭേദമായ ശേഷവും നീണ്ടുനില്‍ക്കുന്ന ചുമ ഇവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ കഫം പരിശോധിച്ച് ക്ഷയരോഗമില്ലെന്ന് ഉറപ്പാക്കണം.

ശ്വാസകോശ രോഗങ്ങളുള്ള കോവിഡാനന്തര രോഗികളില്‍ നാല് ശതമാനം പേരില്‍ ക്ഷയരോഗം കണ്ടെത്തിയിട്ടുണ്ട്. ക്ഷയരോഗികളില്‍ 33 ശതമാനം പേര്‍ക്കും പ്രമേഹവുമുണ്ട്. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ കഫ പരിശോധനയും ക്ഷയരോഗ ചികിത്സയും സൗജന്യമാണ്.

date