Skip to main content

കോവിഡ് മരണപ്പട്ടികയിൽ 7,000 മരണങ്ങൾ കൂടി ചേർക്കും: മന്ത്രി വീണാ ജോർജ്

* അർഹതപ്പെട്ട എല്ലാവർക്കും ധനസഹായം ഉറപ്പാക്കും
സംസ്ഥാനത്തെ കോവിഡ് മരണ പട്ടികയിൽ ഏഴായിരത്തോളം മരണങ്ങൾ കൂടി ചേർക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജൂൺ മാസത്തിലാണ് മരണം ഓൺലൈനായി ആശുപത്രികൾ നേരിട്ട് അപ് ലോഡ് ചെയ്യാൻ തുടങ്ങിയത്. അതിന് മുമ്പുള്ള മരണങ്ങളിൽ രേഖകൾ ഇല്ലാതെയും മറ്റും ഔദ്യോഗിക മരണപ്പട്ടികയിൽ ചേർക്കപ്പെടാതെ പോയ മരണങ്ങളാണ് ഇത്. ഇതുസംബന്ധിച്ച് ഇനിയും പരാതികളുണ്ടെങ്കിൽ അതും പരിശോധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് കോവിഡ് മൂലമെന്ന് കണക്കാക്കപ്പെടേണ്ട മരണങ്ങൾ സംബന്ധിച്ച അപേക്ഷകൾ ഒക്ടോബർ 10 മുതൽ സമർപ്പിക്കാം. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പോർട്ടലിലൂടെയും നേരിട്ട് പി.എച്ച്.സി.കൾ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ, കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭ്യമാക്കുന്നതിന് വേണ്ടിയിട്ടുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചവരെയെല്ലാം പട്ടികയിൽ ഉൾപ്പെടുത്തും. ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ പരിഹാരം കാണും. സമയബന്ധിതമായി സുതാര്യമായി തന്നെ പരാതികൾ തീർപ്പാക്കുന്നതാണ്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ പറ്റുമോ അതെല്ലാം സ്വീകരിക്കുന്നതാണ്. അർഹതപ്പെട്ട എല്ലാവർക്കും സഹായം ലഭ്യമാക്കും. കോവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കളുടെ കുട്ടികൾക്ക് ആദ്യം ധനസഹായം നൽകിയ സംസ്ഥാനമാണ് കേരളം. അവരുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
സിറോ പ്രിവിലൻസ് സർവേയുടെ സമഗ്രമായ റിപ്പോർട്ട് ഇന്ന് തന്നെ തയ്യാറാകും. സംസ്ഥാനം സ്വയം തീരുമാനിക്കുകയും സ്വയം നടത്തുകയും ചെയ്തൊരു പഠനമാണിത്. ഐസിഎംആറിന്റെ ഗൈഡ് ലൈൻ അനുസരിച്ചാണ് പഠനം നടത്തിയത്. നമ്മുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിനാണ് ഈ പഠനം നടത്തിയത്. ഏതെല്ലാം മേഖലകളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്, നമ്മുടെ പ്രവർത്തനങ്ങൾ എവിടെവരെയെത്തി എന്നിവ മനസിലാക്കുന്നതിന് വേണ്ടിയാണ് സിറോ പ്രിവിലൻസ് പഠനം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
പി.എൻ.എക്സ്. 3754/2021

date