Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്പിൽഓവർ പ്രോജക്ടുകൾ പൂർത്തിയാക്കാൻ ഫണ്ട് അനുവദിച്ചു

തദ്ദേശഭരണ സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം (2020-21) പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വകയിരുത്തി ഏറ്റെടുത്തതും മാർച്ച് 31ന് പൂർത്തിയാക്കാൻ കഴിയാത്തതുമായ സ്പിൽഓവർ പ്രോജക്ടുകൾ പൂർത്തിയാക്കുന്നതിന് ഫണ്ട് അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ആകെ 1056.75 കോടി രൂപയാണ് അനുവദിച്ചത്. ഗ്രാമപഞ്ചായത്തുകൾക്ക് 512.55 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 76.51 കോടി രൂപയും  ജില്ലാ പഞ്ചായത്തുകൾക്ക് 97.07 കോടി രൂപയും മുനിസിപ്പാലിറ്റികൾക്ക് 204.52 കോടി രൂപയും കോർപ്പറേഷനുകൾക്ക് 166.10 കോടി രൂപയും അനുവദിച്ചു. കഴിഞ്ഞ വർഷം ചെലവഴിക്കാൻ കഴിയാത്ത ഫണ്ട് പൂർണ്ണമായും ഇപ്പോൾ അനുവദിച്ചിട്ടുണ്ട്.
സ്പിൽ ഓവർ പ്രോജക്ടുകൾക്കുള്ള ക്യാരി ഓവർ ഫണ്ട് സാധാരണയായി സാമ്പത്തിക വർഷം അവസാനമാണ് അനുവദിക്കുന്നത്. എന്നാൽ, ഈ വർഷം വളരെ നേരത്തെ തന്നെ ഫണ്ട് അനുവദിക്കുകയാണ്. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് ബാങ്ക് അക്കൗണ്ട് മുഖേന ചെലവഴിക്കുന്ന പുതിയ രീതി ഈ വർഷം മുതൽ ലഭിക്കുന്ന ഫണ്ടിനാണ് ബാധകമായിട്ടുള്ളത്. സ്പിൽ ഓവർ പ്രോജക്ടുകൾക്കുള്ള ക്യാരി ഓവർ ഫണ്ട് മുൻകാലങ്ങളിലെ പോലെ ട്രഷറി ബില്ലുകൾ ഉപയോഗിച്ച് മാറി നൽകാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്. 3758/2021

 

date