Skip to main content

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി യോഗം ചേര്‍ന്നു

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പി.നന്ദകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പൊന്നാനി എ.വി ഹൈസ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ എല്ലാ വിദ്യാലയങ്ങളും നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് പഞ്ചായത്ത് തലത്തില്‍ ക്രോഡീകരിച്ച് കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് തീരുമാനിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍  എം.എല്‍.എയും ജില്ലാ പഞ്ചായത്തും നല്‍കിയ സ്‌കൂള്‍ ബസുകള്‍ നിരത്തിലിറങ്ങുന്നതിന് ആവശ്യമായ ഭാരിച്ച ചെലവുകളെക്കുറിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ഗവ. വിദ്യാലയങ്ങളിലെ അധ്യാപക ക്ഷാമം ദിവസ വേതന അധ്യാപകരെ നിയമിച്ചു കൊണ്ട് പരിഹരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും തീരുമാനിച്ചു .

ആസ്ബറ്റോസ് / അലുമിനിയം മേല്‍ക്കൂരകര്‍ ഉള്ള ക്ലാസ് മുറികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മാറ്റാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സ്‌കൂളുകളില്‍ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനുള സംവിധാനം ഒരുക്കും. വിദ്യാലയത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രധാന അധ്യാപകര്‍, സന്നദ്ധ സംഘടനകള്‍, മറ്റ് ഏജന്‍സികള്‍ എന്നിവരുടെ കൂട്ടായ്മ രൂപീകരിച്ച് ആവശ്യമായ സഹകരണം ഉറപ്പു വരുത്തും. ഉദ്യോഗസ്ഥ തലത്തിലുള്ള മോണിറ്ററിങ്ങിന്റെ റിപ്പോര്‍ട്ട് എ.ഇ.ഒ തലത്തില്‍ ക്രോഡീകരിച്ച് ഡി.ഇ.ഒ യ്ക്ക് നല്‍കി പ്രശ്‌ന പരിഹാരം ആവശ്യമുള്ള സ്ഥലങ്ങളില്‍ ഡി.ഇ.ഒ തലത്തില്‍ നേരിട്ട് ഇടപെടല്‍ നടത്തുമെന്നും തീരുമാനിച്ചു.

യോഗം പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസന്‍ ആറ്റുപുറത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ. സിന്ധു, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സെമീറ ഇളയേടത്ത്, പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാര്‍, വെളിയംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ, ആലംകോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷഹന നാസര്‍, തിരൂര്‍ വിദ്യാഭ്യാസ ജില്ല ഡി.ഇ.ഒ കെ.പി. രമേഷ് കുമാര്‍, പൊന്നാനി സബ് ജില്ലാ എ.ഇ.ഒ ഷോജ, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍മാരുടെ പ്രതിനിധി, ഹൈസ്‌കൂള്‍ പ്രധാനധ്യാപകരുടെ പ്രതിനിധി, പ്രൈമറി സ്‌കൂള്‍ പ്രധാനധ്യാപകരുടെ പ്രതിനിധി,
എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

date