Skip to main content

ചേര്‍ത്തല ശ്രീനാരായണ സ്‌കൂള്‍; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പി. പ്രസാദ്

 

10 ദിവസത്തിനുള്ളില്‍ ക്ലാസുകള്‍ പൂര്‍ണ സജ്ജമാക്കണം 

ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവണ്‍മെന്റ് ബോയ്സ് സ്‌കൂളിന്റെ വികസനം നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. സ്‌കൂള്‍ വികസനം സംബന്ധിച്ച്  അധ്യാപകരും നഗരസഭാ അധികൃതരുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ അധികൃതര്‍ മുന്‍പ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ചാരമംഗലം ഗവണ്‍മെന്റ് സംസ്‌കൃത സ്‌കൂളും ശ്രീനാരായണ മെമ്മോറിയല്‍ ഗവണ്‍മെന്റ് സ്‌കൂളും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. 

ചേര്‍ത്തല സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ട്.

പഠനത്തിന് ആവശ്യമായ 13 ക്ലാസ് മുറികളും പത്തുദിവസത്തിനുള്ളില്‍ സജ്ജമാക്കണം. ഇതിനായി കൃത്യമായ രൂപരേഖ തയ്യാറാക്കണം. നിലവില്‍ ഉപയോഗക്ഷമമായ ഏഴു ക്ലാസ് മുറികള്‍ മാത്രമാണുള്ളത്. ശേഷിക്കുന്ന ക്ലാസ് മുറികള്‍ക്ക് താത്കാലിക ക്രമീകരണം ഏര്‍പ്പെടുത്തണം. അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ സഹായം സ്വീകരിക്കാം. ഇതിന് കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടതുണ്ട്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിര്‍മാണം വേഗത്തിലാക്കാനും ഇടപെടല്‍ നടത്തും- മന്ത്രി പറഞ്ഞു.

യോഗത്തില്‍ ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ രാജശ്രീ ജ്യോതിഷ്, ഷീജ സന്തോഷ്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ടി. ലെയ്ജു മോള്‍, സീനിയര്‍ അസിസ്റ്റന്റ് കെ. ബിന്ദു ടീച്ചര്‍, അധ്യാപകരായ ശിവരാമകൃഷ്ണന്‍, വി. വിജു, സ്റ്റാഫ് സെക്രട്ടറി എന്‍. ദിലീപ്, പി.ടി.എ പ്രസിഡന്റ് ഉഷൈബ ബീവി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date