Skip to main content

ജില്ലയിലെ സ്‌കൂൾ തുറക്കൽ: തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും

**വിവിധ വകുപ്പുകളുടെ ഏകോപനയോഗം കളക്ടറേറ്റിൽ നടന്നു*

 

സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയിലെ സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസയുടെ നേതൃത്വത്തിൽ ചേർന്ന ഏകോപനയോഗത്തിൽ ധാരണയായി. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സ്‌കൂളുകളിൽ നടത്തേണ്ടുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കൈമാറി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു.  സി.എഫ്.എൽ.ടി.സികളായും ഡി.സി.സികളായും പ്രവർത്തിച്ചിരുന്ന സ്‌കൂളുകൾ ഉൾപ്പെടെ ജില്ലയിലെ 997 സ്‌കൂളുകളിലും രണ്ടാഴ്ചക്കകം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ഇതിനായി അധ്യാപകർ, പി.ടിഎ, തൊഴിലുറപ്പ് , കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ, യുവജനസംഘടനകൾ എന്നിവരുടെ സഹായം തേടും. കുട്ടികളുടെ യാത്രസൗകര്യങ്ങക്കായി കെ.എസ്.ആർ.ടി.സിയുടെ സഹകരണം ഉറപ്പാക്കും. സ്‌കൂളിന് സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ സേവനം ഉൾപ്പെടുത്തി ആരോഗ്യസംരക്ഷണ സമിതി സ്‌കൂളുകളിൽ രൂപീകരിക്കും. ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭ്യമല്ലാത്ത വാഹനങ്ങൾക്ക് സ്പെഷൽ ഡ്രൈവിലൂടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് മോട്ടോർ വാഹനവകുപ്പിന് നിർദേശം നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവത്കരണം നടത്താനും ഏകോപനയോഗത്തിൽ തീരുമാനമായി.  സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂൾ മേധാവിമാരും പി.ടി.എ അംഗങ്ങളും പങ്കെടുക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇന്ന് (ഒക്ടോബർ 13) ചേരും. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ ഏകോപനയോഗത്തിൽ പങ്കെടുത്തു.

date