പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശം
കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ശൗചാലയ ടാങ്കും കുടിവെള്ള സ്രോതസ്സുകളും ഒരേ നിരപ്പില്‍ വരുന്നതിനാല്‍ കുടിവെള്ളം മലിനീകരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജലസ്രോതസ്സുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തിയെന്ന് ഉറപ്പാക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിയ്ക്കാന്‍ ഉപയോഗിക്കാവൂ എന്നും ഡിഎംഒ അറിയിച്ചു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഉറവിടങ്ങളില്‍ കൊതുകുകളും കൂത്താടികളും ഉണ്ടാകും. ഇത് ഡെങ്കിപ്പനി, മലമ്പനി എന്നീ രോഗങ്ങള്‍ക്ക് കാരണമാകാം. താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.
• കൈകള്‍ സോപ്പുപയോഗിച്ച് ഇടക്കിടെ വൃത്തിയാക്കുക.
• തണുത്തതും പഴകിയതും അടച്ചുവെക്കാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
• അസുഖലക്ഷണമുള്ളവര് ആശുപത്രികളില്‍ ചികിത്സതേടുകയും തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്യുക.
• രോഗബാധിതര്‍ പരിപൂര്‍ണ്ണവിശ്രമം എടുക്കുക.
• ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുക. പരിസരങ്ങളില്‍ കൊതുകിന്റെ ഉറവിടമില്ലെന്ന് ഉറപ്പുവരുത്തുക.
• വീടിന് ചുറ്റുമുള്ള പാഴ്ചെടികള്‍, കാട് എന്നിവ വെട്ടി വൃത്തിയാക്കുക.
• കൊതുകുകടി ഏല്‍ക്കാതിരിക്കുവാനുള്ള വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങളായ കൊതുകുവല, ലേപനങ്ങള്‍, കൊതുകുതിരി എന്നിവ ഉപയോഗിക്കുക.
• ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുക. റബ്ബര്‍തോട്ടങ്ങള്‍, കമുകിന് തോട്ടങ്ങള്‍, ഒഴിഞ്ഞപറമ്പുകള്‍ മുതലായ സ്ഥലങ്ങളില്‍ കൊതുകിന്റെ പ്രജനനം ഇല്ലായെന്ന് ഉടമകള്‍ ഉറപ്പാക്കുക.
• പനിയുള്ളവര്‍ സ്വയം ചികിത്സ ഒഴിവാക്കുക.
• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് ടവ്വല്‍ ഉപയോഗിച്ച് പൊത്തിപ്പിടിക്കുക.
• ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക.
ജില്ലയില്‍ ചികിത്സ തേടിയത് 16796 പേര്
ജില്ലയില്‍ ഇന്നലെ വിവിധ ആശുപത്രികളിലായി ചികില്‍സ തേടിയത് 16796 പേരാണ്. ഇതില്‍ 1221 പേര് പനിബാധിതരാണ്. 10 പേര്‍ക്ക് ചിക്കന്‍പോക്സും 28 പേര്‍ക്ക് ഡെങ്കിയും 19 പേര്‍ക്ക് ഹെപറ്റൈറ്റിസ് എയും സംശയിക്കുന്നു. 10 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടണ്ട്. സംശയകരമായ രണ്ട് ഡെങ്കിപ്പനിമരണം റിപ്പോര്‍ട്ട് ചെയ്തിട്ടണ്ട്. കീഴുപറമ്പ്, അങ്ങാടിപ്പുറം പഞ്ചായത്തുകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടങ്ങളില്‍ ഫോഗിംഗ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തി വരുന്നു.
- Log in to post comments