Skip to main content

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം - ഡി എം ഒ

കാലവര്‍ഷം ആരംഭിച്ചതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചുമതല വഹിക്കുന്ന ഡോ. ബേബിലക്ഷ്മി അറിയിച്ചു. ഡെങ്കിപ്പനി ചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ട എല്ലാ സൗകര്യങ്ങളും ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഒരുക്കിയതായും ഡി.എം.ഒ. അറിയിച്ചു. പനിബാധിതര്‍ ശരിയായി വിശ്രമിക്കുകയും വിദഗ്ധ ചികിത്സ നേടുകയും വേണം.  ഇവര്‍ ധാരാളം പാനീയങ്ങള്‍ കുടിക്കണം. രോഗം പകരാതിരിക്കാന്‍ പനിബാധിതര്‍ പകലും രാത്രിയും കൊതുകുവലയ്ക്കുള്ളില്‍ വിശ്രമിക്കണം. പനിയോടൊപ്പം തൊലിപ്പുറത്തുണ്ടാകുന്ന വ്യത്യാസം, തടിപ്പുകള്‍, സന്ധിവേദന മുതലായവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ഇവ കണ്ടാലുടന്‍ വിദഗ്ധ ചികിത്സ തേടുകയും  ഡോക്ടര്‍ പറയുന്ന കാലയളവില്‍ വിശ്രമിക്കുകയും വേണം. ചെറുപാത്രങ്ങള്‍, ചിരട്ടകള്‍, കപ്പുകള്‍, മരപ്പൊത്ത്, സണ്‍ഷെയ്ഡ്, ടെറസ്സ്, ഇലകള്‍ പൂച്ചട്ടി, മുട്ടത്തോട്, തൊണ്ട്, ടയര്‍ മുതലായവയില്‍ കെട്ടിനില്‍ക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്.  മഴവെള്ളം ഇവയില്‍നിന്നും ഒഴുക്കിക്കളയാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന്  ഡി.എം.ഒ. ചുമതലയുള്ള ബേബി ലക്ഷ്മി അറിയിച്ചു.
 

date