Skip to main content

മഴക്കെടുതി; നാശനഷ്ടക്കണക്ക്  മൂന്നുദിവസത്തിനകം നൽകണം - വ്യാപകനാശമുണ്ടായ സ്ഥലങ്ങളിൽ നഷ്ടം തിട്ടപ്പെടുത്താൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും - മന്ത്രിമാരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

കോട്ടയം: മഴക്കെടുതിയിൽ വീടുകളുടെ നാശനഷ്ടമടക്കം തിട്ടപ്പെടുത്തി വിശദമായ റിപ്പോർട്ട് ഒക്‌ടോബർ 26നകം നൽകാൻ താലൂക്കിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാർക്കും തഹസിൽദാർമാർക്കും റവന്യൂ മന്ത്രി കെ. രാജൻ നിർദ്ദേശം നൽകി. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതിയും മറ്റു പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റിൽ ചേർന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

ഒരോ വില്ലേജിലും സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് പൂർണവും വ്യക്തവുമായ വിവരങ്ങൾ ശേഖരിക്കണം. കൃത്യതയാർന്ന കണക്ക് നൽകണം. താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച് തഹസിൽദാർമാർ വിശദവിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കണം. ഓരോ സ്ഥലങ്ങളിലും കണക്കെടുപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ വിവരം സൂക്ഷിക്കണം. ജനങ്ങൾക്ക് നഷ്ടപ്പെട്ട രേഖകൾ നിയമാനുസൃതമായി വേഗത്തിൽ ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും ആളുകൾക്ക് പരമാവധി സഹായം ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂട്ടിക്കലടക്കം വ്യാപക നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലെ നഷ്ടം തിട്ടപ്പെടുത്താൻ മഴക്കെടുതി ബാധിക്കാത്ത മേഖലകളിലെ ജീവനക്കാരെ നിയോഗിക്കാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകി.

 

ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ പൂർണചുമതല തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കാണെന്നും ചുമതലപ്പെട്ട ക്യാമ്പ് ഓഫീസർമാർ മുഖേനയേ ക്യാമ്പുകളിൽ മറ്റു സാധനങ്ങൾ ചെയ്യാവൂവെന്നും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വിവിധ താലൂക്കുകളിൽ സംഭവിച്ചിട്ടുള്ള നാശനഷ്ടത്തിന്റെ പ്രാഥമിക കണക്ക് തഹസിൽദാർമാർ വിശദീകരിച്ചു. 

 

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, എ.ഡി.എം. ജിനു പുന്നൂസ്, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു. 

date