വിദ്യാലയങ്ങളിലെ സുരക്ഷ: ബാലാവകാശ കമ്മീഷൻ അവലോകന യോഗം ചേർന്നു
എറണാകുളം: വിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ ജില്ലാതല കർത്തവ്യവാഹകരുടെ അവലോകന യോഗം ചേർന്നു. വിദ്യാലയപരിസരങ്ങളിലെ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
സ്കൂൾ ബസ്സുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. സ്കൂൾ ബസ്സുകൾക്ക് ടാക്സ് ഇളവ് നൽകുന്നതിന് കമ്മീഷൻ സർക്കാരിന് ശുപാർശ നൽകും. സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി താഴെത്തട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കമ്മീഷൻ നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ. നസീർ ചാലിയം പറഞ്ഞു.
ദീർഘകാലത്തെ അടച്ചിടലിന് ശേഷം വിദ്യാലയങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിൽ പ്രത്യേക കരുതൽ ആവശ്യമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. ഈ അവസരത്തിൽ അധ്യാപകർക്ക് പുറമേ വിവിധ വകുപ്പുകളും മറ്റ് സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
ബാലാവകാശ സംരക്ഷണ കമ്മീഷൻ രജിസ്ട്രാർ പി.വി ഗീത, ജുവനൈൽ ജസ്റ്റിസ് സെൽ സീനിയർ ടെക്നിക്കൽ ഓഫീസർ ആൽഫ്രഡ് ജെ. ജോർജ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments