Skip to main content

ലൈഫ് മിഷന്‍ വീടുകള്‍ക്ക് 43,922 അപേക്ഷകള്‍ അര്‍ഹതാപരിശോധന നവംബര്‍ ഒന്നു മുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിടസുരക്ഷാപദ്ധതിയായ ലൈഫ് മിഷൻ വഴിയുള്ള ഭവനനിര്‍മ്മാണ സഹായത്തിനായി  കോട്ടയം ജില്ലയില്‍ ലഭിച്ച   അപേക്ഷകളുടെ അര്‍ഹതാപരിശോധന നവംബര്‍ 1 ന് ആരംഭിക്കും.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 23 വരെയും ഈ വര്‍ഷം  ഫെബ്രുവരി 15 മുതല്‍ 22 വരെയും അക്ഷയ കേന്ദ്രങ്ങൾ,  
തദ്ദേശസ്ഥാപനഹെല്‍പ് ഡെസ്‌കുകൾ എന്നിവ വഴിയും സ്വന്തമായും ഓണ്‍ലൈനായി നല്‍കിയ  അപേക്ഷകളാണ് ഫീല്‍ഡ് തലത്തില്‍ പരിശോധിക്കുന്നത്.  ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തില്‍ 29,102 പേരും ഭൂരഹിത ഭവനരഹിതരുടെ വിഭാഗത്തില്‍ 14,820 പേരുമാണ് അപേക്ഷിച്ചിട്ടുള്ളത്.  

തദ്ദേശസ്ഥാപനങ്ങളിലെ ലൈഫ് പദ്ധതി നിര്‍വ്വഹണോദ്യോഗസ്ഥർ  പരിശോധനയ്ക്കു  നേതൃത്വം നല്‍കും.  അപേക്ഷകളിലെ  തെറ്റുകള്‍  തിരുത്താനും രേഖകള്‍ അപ്‌ലോഡ് ചെയ്യാനും ഈ സമയത്ത്   അവസരമുണ്ടാകും. എന്നാല്‍ അപേക്ഷയോടൊപ്പം  സമര്‍പ്പിച്ച റേഷന്‍ കാര്‍ഡില്‍ മാറ്റം വരുത്താനാവില്ല.

പരിശോധന നവംബര്‍ 30 ന് പൂര്‍ത്തിയാക്കി  ഡിസംബര്‍ 1ന് കരട് പട്ടിക  പ്രസിദ്ധീകരിക്കും.   ആക്ഷേപങ്ങളുള്ളവര്‍ക്ക് ബ്ലോക്ക് -ജില്ലാതല  അപ്പീല്‍ കമ്മിറ്റികളെ സമീപിക്കാം.
അന്തിമ ഗുണഭോക്തൃപട്ടിക 2022  ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും.

പരിശോധന കുറ്റമറ്റതാക്കാനുള്ള  ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല മോണിട്ടറിങ് സമിതിയുടെ നേതൃത്വത്തില്‍  തദ്ദേശസ്ഥാപനാധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും  യോഗം ഓൺ ലൈനിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രിസഡന്റ്  നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ. പ്രവീണ്‍ പദ്ധതി വിശദീകരിച്ചു. എ.ഡി.എം. ജിനു പുന്നൂസ്, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറ്ക്ടര്‍ പി.എസ്. ഷിനോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

date