Skip to main content

ആശങ്കയില്ല, ജാഗ്രതയോടെ വരവേല്‍ക്കാന്‍ ക്ലാസ് മുറികള്‍

ആദ്യമായി സ്‌കൂള്‍ മുറ്റം കാണുകയാണ് ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍. കൂട്ടുകാരും അധ്യാപകരും ക്ലാസ് മുറികളും കളിമുറ്റങ്ങളുമില്ലാതെ മൊബൈല്‍ സ്‌ക്രീനില്‍ നോക്കി അക്ഷരങ്ങള്‍ പരിചയിച്ച ദിവസങ്ങള്‍ കടന്നു പോയി. ഇനി നവംബര്‍ ഒന്നിന് ക്ലാസിലേക്ക്. വലിയ ആശങ്കകളില്ലാതെ തികഞ്ഞ ജാഗ്രതയോടെ...
ഒന്നര വര്‍ഷത്തിലധികം കുട്ടികള്‍ വരാതെ നിശബ്ദമായി ജീവനറ്റുപോയ വിദ്യാലയങ്ങള്‍ സജീവമാവുന്നത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ സന്തോഷം നല്‍കുന്നു.
 
സ്വാതന്ത്യത്തിലേക്കുള്ള തിരിച്ചു പറക്കല്‍

കോവിഡ് കുട്ടികളുടെ വികാസത്തെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചതെന്ന് കൂട്ടക്കനി ജി.യു.പി.എസിലെ അധ്യാപകന്‍ രാജേഷ് കൂട്ടക്കനി പറഞ്ഞു. കൂട്ടിലടച്ച കിളികളെപ്പോലെ വെര്‍ച്ച്വല്‍ ലോകത്ത് അടക്കപ്പെട്ടപ്പോള്‍ ക്ലാസ്മുറികളും കളിക്കളങ്ങളും കൂട്ടുകാരുമെല്ലാം അവര്‍ക്ക് നല്‍കിയ ഉല്ലാസവും ഉന്‍മേഷവും അന്യമാവുകയായിരുന്നു. പരിമിതികളും ആകുലതകളും ഏറെയുണ്ടെങ്കിലും സ്‌കൂള്‍ തുറക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്യത്തിലേക്കുള്ള തിരിച്ചു പറക്കലാണ്-അദ്ദേഹം പറഞ്ഞു. പറഞ്ഞു.

സമ്മാനപ്പൊതികളുമായി കാത്തിരിക്കുകയാണ്

സര്‍ക്കാര്‍ ഇറക്കിയ മാര്‍ഗ്ഗ രേഖകള്‍ പ്രകാരം കുട്ടികളെ വരവേല്‍ക്കാനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി കഴിഞ്ഞതായി ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി.എസ് പ്രധാനാധ്യാപിക മീനറാണി പറഞ്ഞു. ആശങ്കകളില്ലാതെ രക്ഷിതാക്കള്‍ക്ക് വിദ്യാത്ഥികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കാം. വിദ്യാലയത്തിലെത്തിയ കുട്ടിയെ കൃത്യമായ കോവിഡ് മാനദണ്ഡങ്ങളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ച് അവരുടെ മാനസിക വിഷമതകള്‍ മനസ്സിലാക്കി കൈകാര്യം ചെയ്യുന്നതിന് അധ്യാപക സമൂഹം തയ്യാറാണ്. കുട്ടികളെ വരവേല്‍ക്കാനായി സമ്മാനപ്പൊതികള്‍ തയ്യാറാക്കി കാത്തിരിക്കുകയാണ് ഞങ്ങള്‍-അവര്‍ പറഞ്ഞു.
 

തികഞ്ഞ സന്തോഷം

സ്‌കൂള്‍ തുറക്കുമ്പോള്‍ രണ്ട് വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാവെന്ന നിലയിലും സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എന്ന നിലയിലും താന്‍ ഏറെ സന്തോഷവാനാണെന്ന് സുനില്‍ കുമാര്‍ ബേഡഡുക്ക പറഞ്ഞു. കൂട്ടുകാരുമൊത്ത് കളിക്കാനും ചിരിക്കാനും അധ്യാപകരുടെ ക്ലാസുകള്‍ നേരിട്ട് കേള്‍ക്കാനും സാധിക്കുന്ന ത്രില്ലിലാണ് എന്റെ രണ്ട് മക്കളും. കോവിഡ് കാലത്ത് മാസ്‌കും സാനിറ്റൈസറുമെല്ലാം ജീവിതത്തിന്റെ ഭാഗമാവുകയാണ്. ഞങ്ങള്‍ കുട്ടികള്‍ക്കായി അതെല്ലാം കരുതി വെച്ചിട്ടുണ്ട്. വരുന്ന അധ്യയന വര്‍ഷം കോവിഡ് ബുദ്ധിമുട്ടുകളേതുമില്ലാതെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാകട്ടെ-അദ്ദേഹം ആശംസിച്ചു.

ആശങ്കകളൊന്നുമില്ല

ഏറെ നാളുകള്‍ക്ക് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ ആശങ്കള്‍ ഒന്നുമില്ലെന്ന് ജഗദീശ, കുണ്ടംകുഴി പറഞ്ഞു. എന്റെ രണ്ട് മക്കളും  വളരെ നാളായി വീട്ടിലിരുന്ന് മടുത്തു. സ്‌കൂള്‍ തുറക്കുമ്പോള്‍ കോവിഡ് പ്രതിരോധം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവിടെ നടത്തുമെന്ന് അധ്യാപകരിലൂടെ ഞങ്ങള്‍ അറിഞ്ഞിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതില്‍ എനിക്ക് യാതൊരു ആശങ്കയുമില്ല. ഇപ്പോള്‍ വീട്ടില്‍ എല്ലാവരും സന്തോഷത്തിലാണ്. അവര്‍ക്കായി ബാഗും പുസ്തകവും യൂണിഫോമും ഒപ്പം സാനിറ്റൈസറും മാസ്‌ക്കും എല്ലാം വാങ്ങിയിട്ടുണ്ട്.

മൊട്ടൂസ് സന്തോഷത്തിലാണ്

കൂട്ടുകാരെയും പ്രിയപ്പെട്ട അധ്യാപകരെയും കാണാതെ ഉല്ലസിച്ച് കളിക്കാന്‍ പറ്റാതെ എന്ത് ചെയ്യണമെന്ന് പകച്ചുപോയ നിമിഷത്തില്‍ കോവിഡിനെതിരെ മൊട്ടൂസായി പൊതുജനങ്ങളെ ബോധവത്കരിക്കാനായത് വലിയ സന്തോഷമാണെന്ന് മടിക്കൈ ജി.വി.എച്ച് എസ് മേക്കാട്ട്  മുന്നാം തരം വിദ്യാര്‍ഥി കെ.വി. ദേവരാജ്. നവംബറില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ എല്ലാ കുട്ടികളെയും പോലെ ഞാനും വലിയ സന്തോഷത്തിലാണ്. കൂട്ടുകാരെ കാണാന്‍, പഠിക്കാന്‍, കളിക്കാന്‍ എല്ലാത്തിനും കൊതിയാകുന്നു.  പിന്നെ ക്ലാസ് മുറികള്‍ എങ്ങനെയായിരിക്കും എന്ന ആശങ്കയുണ്ട്. എങ്കിലും പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി തുറക്കാന്‍ കാത്തിരിക്കുകയാണ്.

മാസ്‌ക്കും സാനിറ്റൈസറും സാമൂഹിക അകലവും ശീലമാക്കും

രണ്ട് വര്‍ഷമായി സ്‌കൂളില്‍ പോകാന്‍ കഴിയാതെ വിഷമത്തിലായിരുന്നു. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നത് വലിയ സന്തോഷമാണ്- പിലിക്കോട് യു.പി സ്‌കൂളിലെ നാലാംതരം വിദ്യാര്‍ഥിനി വേദ പറഞ്ഞു. കൂട്ടുകാരെയും ടീച്ചര്‍മാരെയുമെല്ലാം കാണാനും ക്ലാസ് മുറിയില്‍ ഇരുന്ന് പഠിക്കാനുമെല്ലാം പറ്റുമല്ലോ.  കോവിഡ് കാലമായതിനാല്‍ മാസ്‌ക്കും സാനിറ്റൈസറും സാമൂഹിക അകലവും എല്ലാം ജീവിതത്തിന്റെ ഭാഗമാക്കും.
 

date