Skip to main content

ലോക പക്ഷാഘാത ദിനം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെബിനാര്‍  സംഘടിപ്പിച്ചു

ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം),ദേശീയാരോഗ്യ  ദൗത്യവും സംയുക്തമായി ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലാ തല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ്  ഡോ  ഇ.മോഹനന്‍  നിര്‍വഹിച്ചു. കാസര്‍കോട്  ഗവ. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെഡിസിന്‍ എം. ബി  ഡോ.  ആദര്‍ശ്   ബോധവത്കരണ ക്ലാസെടുത്തു. ജില്ലാ എജ്യൂകേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍  ലത്തീഫ്  മഠത്തില്‍  സ്വാഗതവും ഡെപ്യൂട്ടി എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ എസ്. സയന  നന്ദിയും പറഞ്ഞു

പക്ഷാഘാതം :ലക്ഷണങ്ങളും ചികിത്സയും

മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില് രക്തം കട്ട പിടിക്കുകയോ  രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക്. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. പക്ഷാഘാതത്തിന്റെ രോഗലക്ഷണങ്ങള്‍  ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നെങ്കില്‍ മാത്രമേ ഫലപ്രദമായ ചികിത്സ നല്‍കുവാന്‍  സാധിക്കു.
ശരീരത്തിന്റെ ഒരുവശം പെട്ടെന്ന് സ്തംഭിക്കുക, വായ് കോടിപ്പോകുക, പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക, പെട്ടെന്ന് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുക, ശരീരത്തിന്റെ ഒരുവശം മരവിച്ചു പോകുക എന്നിവയാണ് പ്രധാനമായും സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു മിനുട്ട് പോലും വൈകാതെ ചികിത്സ തേടണം.
പ്രധാനമായും രണ്ട് രീതിയിലാണ് സ്‌ട്രോക്കുള്ളത്. ഒന്ന്, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലുള്ള അടവ് കാരണം ഉണ്ടാകുന്ന സ്‌ട്രോക്കാണ് ഇഷ്‌കീമിക് സ്‌ട്രോക്ക്. രണ്ട്, തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സ്‌ട്രോക്കാണ് ഹെമറാജിക് സ്‌ട്രോക്ക് പുകവലി, അമിതമദ്യപാനം, ശരിയായ വ്യായാമമില്ലായ്മ, മാനസികസമ്മര്‍ദം എന്നിവയെല്ലാം പക്ഷാഘാതത്തിനുളള കാരണങ്ങളാണ്.
 

date