Skip to main content

ബില്‍ഡിംഗ് സെസ്സ് അദാലത്തിന് തുടക്കമായി

 

   എറണാകുളം:  കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് തൊഴില്‍ വകുപ്പ് മുഖേന അടയ്ക്കേണ്ട ബില്‍ഡിംഗ് സെസ്സിന്‍റെ  കുടിശ്ശിക തുക  പിരിച്ചെടുക്കുന്നതിനുള്ള സെസ്സ് അദാലത്തിന്  ജില്ലയില്‍ തുടക്കമായി. 1996   മുതല്‍  നിര്‍മാണം പൂര്‍ത്തിയാക്കിയ  10 ലക്ഷം രൂപയ്ക്ക് മുകളില്‍ നിര്‍മാണചെലവുള്ള എല്ലാ വീടുകള്‍ക്കും,  എല്ലാ വാണിജ്യ കെട്ടിടങ്ങള്‍ക്കും  നിര്‍മാണ ചെലവിന്‍റെ ഒരു ശതമാനം സെസ്സ് അടയ്ക്കണം.  2021 ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്ത് ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നും പ്രാഥമിക നോട്ടീസ്, അസസ്സ്മെന്‍റ് നോട്ടീസ്, കാരണം കാണിക്കല്‍ നോട്ടിസ് എന്നീ ഘട്ടങ്ങളില്‍ കുടിശ്ശികയുള്ള എല്ലാ ഫയലുകളും അദാലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

    കെട്ടിട ഉടമകള്‍ ഫോറം- ഒന്ന് പ്രകാരമുള്ള അഫിഡവിറ്റ്, റവന്യൂ വകുപ്പില്‍ നിന്നുള്ള ഒറ്റ തവണ നികുതി  നോട്ടീസ്, ഒക്യപന്‍സി സര്‍ട്ടിഫിക്കറ്റ്, ആദ്യമായി കെട്ടിട നികുതി അടച്ച രസീത്, കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.  അന്തിമ ഉത്തരവും കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുള്ള ഫയലുകളില്‍ ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് പലിശ പൂര്‍ണ്ണമായി ഒഴിവാക്കും.  വാണിജ്യ കെട്ടിടങ്ങള്‍ക്ക് പലിശയില്‍ 50 ശതമാനം ഇളവ് അനുവദിക്കുവാനും സര്‍ക്കാര്‍  ഉത്തരവായിട്ടുണ്ട്.  അദാലത്ത് കാലയളവില്‍  സെസ്സ് തുക പൂര്‍ണ്ണമായും അടയ്ക്കുന്നവര്‍ക്കാണ് ഈ  ആനുകൂല്യം ലഭിക്കുക. 

   പ്രളയബാധിത പ്രദേശങ്ങളില്‍ പ്രളയം മൂലം  കെട്ടിടം പൂര്‍ണ്ണമായും നശിച്ചതായി റവന്യൂ അധികാരികളില്‍ നിന്നും ലഭ്യമാകുന്ന സാക്ഷ്യപത്രത്തിന്‍റെ  അടിസ്ഥാനത്തിലും,  അസസ്സിംഗ് ഓഫീസറുടെ പൂര്‍ണ്ണമായ  ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലും ഇളവ് അനുവദിക്കും. ഭാഗികമായി നഷ്ടം സംഭവിച്ച കെട്ടിടങ്ങള്‍ക്ക് മേല്‍ പറയുന്ന  സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ സെസ്സ് തുക  പലിശ ഒഴിവാക്കി തവണകളായി അടയ്ക്കുന്നതിനും അവസരം നല്‍കും.    റവന്യൂ റിക്കവറി ആരംഭിച്ച ഫയലുകളില്‍  ബന്ധപ്പെട്ടവര്‍ ഹാജരാകുന്ന  പക്ഷം    ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള  അവസരം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.  കെട്ടിട ഉടമകള്‍ ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് നേരിട്ട് ഹാജരായി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്‍റ്)  അറിയിച്ചു.

date