Skip to main content

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ വര്‍ഷം തന്നെ നടപ്പാക്കും; മന്ത്രി വി ശിവന്‍ കുട്ടി

**കുന്നത്തുകാല്‍ യു.പി സ്‌കൂളിലെ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

 

 

കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാനായി സര്‍ക്കാര്‍ നിയമിച്ച ഖാദര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ഈ വര്‍ഷം തന്നെ നടപ്പാക്കുന്നതിനുള്ള ടൈം ടേബിള്‍ തയ്യാറാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കുന്നത്തുകാല്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

ആറ് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് ഈ അദ്ധ്യയന വര്‍ഷം കടന്നു വന്നത്. നമ്മുടെ പൊതുവിദ്യാഭ്യാസരംഗത്തിന്റെ മേന്മകൊണ്ടാണ് ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലായിരുന്നു സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നത്. ഈ വര്‍ഷം അക്കാദമിക് സൗകര്യങ്ങള്‍ മെച്ചപ്പടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അതിന്റെ ഭാഗമായാണ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. മാത്രമല്ല ബോര്‍ഡ് പരീക്ഷകള്‍ നടത്തിയ ഏക സംസ്ഥാനവും കേരളം തന്നെ. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നുവെന്ന പ്രഖ്യാപനം വന്നപ്പോള്‍ പലയിടത്തു നിന്നും ആശങ്കകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ മികച്ച പിന്തുണയാണ് പൊതു സമൂഹത്തിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

സി.കെ ഹരീന്ദ്രന്‍ എംഎല്‍എ 2019-2020 വര്‍ഷത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ക്ലാസ് മുറികള്‍ കൂടാതെ ടോയലറ്റുകള്‍, സ്‌റ്റോര്‍ റൂം എന്നിവയുമുണ്ട്. 

 

 സി.കെ ഹരീന്ദ്രന്‍ എം.എല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാല്‍കൃഷ്ണ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.അമ്പിളി, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, വിവിധ ത്രിലതപഞ്ചായത്ത് ജനപ്രതിനിധികള്‍, അധ്യാപകര്‍ എന്നിവരും പങ്കെടുത്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജുകുമാര്‍.സി.എച്ച് സ്വാഗതവും കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജഗദമ്മ നന്ദിയും പറഞ്ഞു.

date