Skip to main content

'കാലാവസ്ഥാ വ്യതിയാനവും നാശനഷ്ടങ്ങളും വിലയിരുത്താൻ രീതിശാസ്ത്രം പരിഷ്കരിക്കണം'

കേരള കാർഷിക സർവകലാശാലയും ഇന്ത്യൻ സൊസൈറ്റി ഓഫ് അഗ്രികൾച്ചറൽ ഇക്കണോമിക്സും സംയുക്തമായി സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക നഷ്ടം, കർഷകരുടെ പ്രതിരോധശേഷി എന്നിവയെക്കുറിച്ചുള്ള ദ്വിദിന വെബിനാർ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടവും നാശനഷ്ടങ്ങളും വിലയിരുത്തുന്നതിന് നിലവിലുള്ള രീതികൾ പരിഷ്കരിക്കാനുള്ള ആഹ്വാനത്തോടെ വെള്ളാനിക്കര കാർഷിക കോളേജിൽ സമാപിച്ചു.ചെന്നൈയിലെ മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസർ ഡോ കവികുമാർ, വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിൽ ഇൻഷുറൻസ് പരിരക്ഷയിൽ വലിയ അന്തരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. കാലാവസ്ഥാ അടിസ്ഥാനത്തിലുള്ള നഷ്ടത്തിന്റെ ഇൻഷുറൻസ് പരിരക്ഷ വികസിത രാജ്യങ്ങളിൽ 51% ആയിരിക്കെ വികസ്വര രാജ്യങ്ങളിൽ ഇത് കേവലം 10% മാത്രമാണ്. അതിനാൽ പാരസ്പര്യത്തിലും കൂട്ടുത്തരവാദിത്തത്തിലും ഊന്നൽ നൽകിയുള്ള പുതിയ ഇൻഷുറൻസ് സ്കീമുകൾ ആവിഷ്കരിക്കേണ്ടതുണ്ട്. സെമിനാറിനെ അഭിസംബോധന ചെയ്തു സംസാരിച്ച ഉഷ്ണമേഖലാ പ്രദേശങ്ങൾക്കായുള്ള അന്താരാഷ്ട്ര വിള ഗവേഷണ സ്ഥാപനത്തിലെ (ICRISAT) ശാസ്ത്രജ്ഞൻ ഡോ. ശ്രീനാഥ് ദീക്ഷിത്, മണ്ണ്-ജല സംരക്ഷണത്തിനായി ആവിഷ്കരിച്ച പാരിസ്ഥിതിക ആഘാതം കുറഞ്ഞ പ്രാദേശിക നിർമിതികൾ, ചെലവ് കുറഞ്ഞ ലാൻഡ്സ്കേപ്പ് ഗവേഷണ മാനേജ്മെന്റ് തന്ത്രങ്ങൾ എന്നിവ  ചർച്ച ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സമുദ്ര മത്സ്യമേഖലയിലെ അഡാപ്റ്റീവ് റീസൈലൻസ് പാഠങ്ങളെക്കുറിച്ച് കൊച്ചിൻ സി.ഐ.എഫ്.ടി യിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ശ്യാം എസ്. സലീമും വിളകളുടെ ഉൽപാദനക്ഷമതയിലെ അന്തരം കണക്കാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ദേശീയ കിഴങ്ങു വർഗ വിള ഗവേഷണ  കേന്ദ്രത്തിലെ ഡോ. വി.എസ്. സന്തോഷ് മിത്രയും അവതരിപ്പിച്ചു.
ഡോ.സുരേഷ് കുമാർ ഡി, ടി.എൻ.എ.യു. പ്രൊഫസർ ഡോ. പി. ഇന്ദിരാദേവി, ഡോ. സുരേഷ് എ, ഡോ. പ്രേമ എ എന്നിവർ കാലാവസ്ഥാ വ്യതിയാനം, ദുരന്താനന്തര നഷ്ടം, കൃഷിയിലെ നാശനഷ്ടം, എന്നിവ വിലയിരുത്തുന്നതിനുള്ള വിവിധ രീതികളും തന്ത്രങ്ങളും ചർച്ച ചെയ്തു.
സമാപന സമ്മേളനത്തിൽ കാലാവസ്ഥ വ്യതിയാന - പരിസ്ഥിതി ഡയറക്ടറേറ്റ് മേധാവി സുനിൽ പമീദി (IFS) മുഖ്യ പ്രഭാഷണം നിർവഹിച്ചു. മികച്ച ഗവേഷണ പോസ്റ്ററുകൾക് അവാർഡുകൾ പ്രഖ്യാപിച്ചു. ഡോ ഹേമ എം ചടങ്ങിൽ നന്ദി പറഞ്ഞു.

date