Skip to main content

പരമ്പരാഗത തൊഴില്‍ മേഖല ശക്തിപ്പെടുത്തല്‍ ലക്ഷ്യമിട്ട് ഉപദേശക ശില്പശാല

പട്ടിക വര്‍ഗ്ഗ ജനവിഭാഗങ്ങള്‍ പരമ്പരാഗത തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി പട്ടികവര്‍ഗ്ഗ വകുപ്പിന്റെ നേതൃത്വത്തില്‍ പരമ്പരാഗത തൊഴില്‍ പ്രോല്‍സാഹനവും തൊഴില്‍ നൈപുണ്യ വികസനവും ഉപദേശക ശില്പശാല സംഘടിപ്പിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ രൂപീകരിച്ച പരമ്പരാഗത തൊഴില്‍ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് ശില്പശാല. പരമ്പരാഗത തൊഴിലുകളെ കാലാനുസൃതമായി പുനരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് (സി എം ഡി) നാണ് നിര്‍വ്വഹണ ചുമതല.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, ഈ മേഖലകളിലേക്ക് കടന്നുവരുന്നതിനുള്ള പുതുതലമുറയുടെ വിമുഖത, വൈദഗ്ധ്യത്തിന്റെ കുറവ്, വിപണി കണ്ടെത്തുന്നതിനുള്ള പ്രശ്‌നങ്ങള്‍, മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്കുള്ള വിഭവങ്ങളുടെ ദൗര്‍ലഭ്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ ശില്പശാലയില്‍ ചര്‍ച്ച ചെയ്തു.
 
ഗുണഭോക്താക്കളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെയും ബന്ധപ്പെട്ട മേഖലകളുമായി നടത്തുന്ന ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ഓരോ തൊഴില്‍ മേഖലക്കും അനുയോജ്യമായ സൂക്ഷ്മതല റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ അനുയോജ്യ നടപടികള്‍ സ്വീകരിക്കും. പദ്ധതി ഗുണഭോക്താക്കളുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ തൊഴില്‍ മേഖലകളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയില്‍ എത്തിക്കും. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഇത് നടപ്പാക്കുന്നത്. മറയൂര്‍ ശര്‍ക്കര, മുളയും ചൂരലും ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കള്‍, പായകള്‍, പരമ്പുകള്‍, കാര്‍പ്പറ്റുകള്‍, മണ്‍പാത്രം തുടങ്ങിയവയുടെ നിര്‍മ്മാണം, വനങ്ങളില്‍ നിന്നുള്ള തേന്‍, ഔഷധ ചെടികള്‍, മറ്റു വനവിഭങ്ങള്‍ എന്നിവയുടെ ശേഖരണം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമാകാന്‍ പ്രാഥമികമായി തെരഞ്ഞെടുത്തത്.
താവക്കര ബ്രോഡ് ബീന്‍ ഹോട്ടലില്‍ നടന്ന ശില്പശാലയില്‍ ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ എസ് സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. സി എം ഡി അസ്സോസിയേറ്റ് പ്രൊഫ. പി ജി അനില്‍, പ്രൊജക്ട് ഓഫീസര്‍ ജി ഷിബു, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, വ്യവസായം, വനം തുടങ്ങിയ വകുപ്പുകള്‍, വിവിധ വികസന ഏജന്‍സികള്‍, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
 

date