Skip to main content

കുതിരാനിൽ ട്രാഫിക് ലൈറ്റുകളും സിഗ്‌നൽ ബോർഡുകളും സ്ഥാപിച്ചു തുടങ്ങി

കുതിരാനിൽ നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌ക്കരണങ്ങളുടെ ഭാഗമായി ദേശീയപാതയിൽ വഴുക്കുമ്പാറ മുതൽ വില്ലൻ വളവുവരെയുള്ള ഭാഗത്ത് ട്രാഫിക് സിഗ്‌നൽ ലൈറ്റുകളും ദിശാ ബോർഡുകളും സ്ഥാപിച്ചു തുടങ്ങി. ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്ത് പൊലീസിന്റെ നിർദ്ദേശപ്രകാരമുള്ള ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കുന്നത്. രണ്ടാം തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയതിനെ തുടർന്ന് തുരങ്കത്തിലേക്കുള്ള റോഡിന്റെ പണികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനായി നിലവിൽ പാലക്കാട് ഭാഗത്തേയ്ക്ക് വാഹനങ്ങൾ കടത്തിവിടുന്ന പഴയ പാത പൊളിച്ചു നീക്കേണ്ടി വരും. അപ്പോൾ ഒന്നാം തുരങ്കത്തിലൂടെ തന്നെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടേണ്ടി വരും. കഴിഞ്ഞദിവസം സിറ്റി പൊലീസ് കമ്മീഷ്ണർ ആർ ആദിത്യ കുതിരാനിൽ സന്ദർശനം നടത്തുകയും ഇവിടെ നടപ്പിലാക്കേണ്ട  നിയന്ത്രണങ്ങളെക്കുറിച്ച കരാർ കമ്പനിക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

date