Skip to main content

നിർമ്മാണരംഗം ഭിന്നശേഷി സൗഹൃദമാക്കാൻ ശിൽപശാല 

പൊതുനിർമിതികളും ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാൻ ശിൽപശാലയൊരുക്കി സാമൂഹ്യ നീതി വകുപ്പ്. ഭിന്നശേഷിക്കാർക്കായുള്ള നിർമിതികളിൽ പാലിക്കേണ്ട കൃത്യമായ അളവുകളും അക്ഷരങ്ങളും സുരക്ഷാ സന്നാഹങ്ങളും ശിൽപശാലയിൽ പ്രധാന വിഷയമായി. സാമൂഹ്യ നീതി വകുപ്പിന് കീഴിൽ 'ബാരീയർ ഫ്രീ കൺസൾട്ടൻസി സെൽ' ഒരുക്കിയ ശിൽപശാലയിൽ പി ഡബ്ല്യു ഡി, കോസ്റ്റ് ഫോർഡ്, നിർമിതി കേന്ദ്രം, ഫ്രീലാൻസ് എൻജിനീയർമാർ, ആർക്കിടെക്‌ടുകൾ തുടങ്ങിയവർ പങ്കെടുത്തു. 

ഭിന്നശേഷിക്കാർക്ക് വേണ്ടി 'ആക്സിസിബിൾ ഇന്ത്യ ക്യാമ്പയിൻ' എന്ന പേരിൽ 2015ൽ രാജ്യമൊട്ടാകെ ആരംഭിച്ച അവബോധന ശ്രമങ്ങളുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. കോളേജ് ഓഫ് എൻജിനീയറിംഗ് ട്രിവാൻഡ്രം, ആർക്കിടെക്ച്ചർ വിഭാഗം അസോസിയേറ്റ് പ്രൊഫ.എസ് ആർ ലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ. 

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ 2016ൽ നിലവിൽ വന്ന നിയമത്തിലെ വിശദാംശങ്ങൾ ക്ലാസിൽ വിശദീകരിച്ചു. സർക്കാർ ഓഫീസുകൾ, പൊതു കെട്ടിടങ്ങൾ, എ ടി എം കൗണ്ടറുകൾ, റെയിൽവെ സ്റ്റേഷനുകൾ, ശുചിമുറികൾ, എലവേറ്ററുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം കൃത്യമായ ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ നിയമത്തിൽ അനുശാസിക്കുന്നുണ്ട്. അഞ്ച് വർഷത്തിനകം എല്ലാ മേഖലകളിലും ഈ സൗകര്യങ്ങൾ ഒരുക്കാൻ പാകത്തിൽ നിർമ്മാണരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവബോധം പകരുക എന്നതാണ്  ബാരീയർ ഫ്രീ കൺസൾട്ടൻസി സെല്ലിന്റെ ലക്ഷ്യം. പരിപാടിയിൽ പി ഡബ്ലിയു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജി പി വി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ രാഗപ്രിയ കെ ജി, സീനിയർ സൂപ്രണ്ട് പ്രദീപ്, റിസർച് അസിസ്റ്റന്റുമാരായ വീണ ആർ എസ്, കിരൺ കുമാർ എസ് തുടങ്ങിയവർ പങ്കെടുത്തു.

date