Skip to main content

'തിരികെ സ്‌കൂളിലേക്ക്'  ജില്ലാതല രണ്ടാംഘട്ട പ്രവേശനോത്സവം നടന്നു

ജില്ലാതല രണ്ടാംഘട്ട പ്രവേശനോത്സവം 'തിരികെ സ്‌കൂളിലേക്ക്' അയ്യന്തോള്‍ ജി വി എച്ച് എസ് എസില്‍ നടന്നു. ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് എല്ലാ ആശംസകളും അറിയിച്ച കലക്ടര്‍ ജീവിതത്തിലെ മികച്ച സമയമായ സ്‌കൂള്‍ ജീവിതത്തില്‍ ഇഷ്ടത്തോടെ പഠിക്കണമെന്നും നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും അറിയിച്ചു. കുട്ടികളുടെ ആവശ്യപ്രകാരം വേദിയില്‍ കലക്ടര്‍ ഗാനമാലപിച്ചു. പൂക്കളും ചെടികളും നല്‍കിയാണ് സ്‌കൂള്‍ അധികൃതര്‍ കലക്ടറേയും കുട്ടികളെയും സ്വീകരിച്ചത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മദനമോഹനന്‍ മുഖ്യാതിഥിയായ പരിപാടിയില്‍ ഡിവിഷണല്‍ കൗണ്‍സിലര്‍ എന്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്ററി വിഭാഗം പ്രിന്‍സിപ്പല്‍ ജയലത കെ പി സ്വാഗതവും ഹെഡ്മിസ്ട്രസ് ജയലക്ഷ്മി എം നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date