Skip to main content

എന്റെ ഗ്രാമം ജൈവ ഗ്രാമം: പദ്ധതി  ഉദ്ഘാടനം ചെയ്തു

 

 പാറശ്ശാല ബ്ലോക്കിലെ ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ എന്റെ ഗ്രാമം ജൈവ ഗ്രാമം പദ്ധതിയുടെ കീഴിലുള്ള വിവിധ പദ്ധതികള്‍ കൃഷിവകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരതുക ഈ സര്‍ക്കാര്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചതായി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.  എല്ലാ കര്‍ഷകരും വിളകള്‍ അടിയന്തരമായി ഇന്‍ഷ്വര്‍ ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.  26 ഇനം വിളകള്‍ക്കാണ് ഇപ്പോള്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.  
ചെങ്കല്‍ പഞ്ചായത്തിനെ ജൈവ ഗ്രാമമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കൃഷി ഓഫീസിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ നടന്നു വരുന്നു.  ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷത്തെ മികച്ച ജൈവ ഗ്രാമത്തിനുള്ള അവാര്‍ഡും കാര്‍ഷിക മേഖലയിലെ ഇരുപതോളം അവാര്‍ഡുകളും കരസ്ഥമാക്കാന്‍ ചെങ്കല്‍ ഗ്രാമപഞ്ചായത്തിന് സാധിച്ചു. ഈ വര്‍ഷവും എന്റെ ഗ്രാമം ജൈവ ഗ്രാമം പദ്ധതി പഞ്ചായത്തില്‍ ഫലപ്രദമായി നടത്താന്‍ ഒരുങ്ങുകയാണ്. ചെങ്കല്‍ ഗ്രാമപഞ്ചായത്തിനെ ജൈവകാര്‍ഷിക പഞ്ചായത്താക്കി മാറ്റാനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.

വലിയകുളം ഗാന്ധിമിത്രഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പഞ്ചായത്തിലെ കാര്‍ഷിക അവാര്‍ഡ് ജേതാക്കളെ ആദരിച്ചു.  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഐഡ സാമുവല്‍  പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്‍, ചെങ്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഡി ഷീല, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍, കൃഷിവകുപ്പിന്റെ ആത്മ പ്രോജക്ട്  ഡയറക്ടര്‍ സിസിലിയ മാര്‍ഗരറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
 ഫലവൃക്ഷത്തൈകള്‍, പച്ചക്കറിത്തൈകള്‍, വിത്തുകള്‍ തുടങ്ങിയവയും  ചടങ്ങിന്റെ ഭാഗമായി വിതരണം ചെയ്തു.    
(പി.ആര്‍.പി 1710/2018)

date