Skip to main content

പി.ശ്രീരാമകൃഷ്ണൻ നോർക്ക റൂട്ട്സ് റസി.വൈസ് ചെയർമാൻ

നോർക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയർമാനായി പി.ശ്രീരാമകൃഷ്ണൻ നിയമിതനായി. 2016 മുതൽ 2021 വരെ കേരള നിയമസഭാ സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണൻ, പ്രവാസി മലയാളികൾക്കായി ലോകകേരള സഭ എന്ന പൊതുവേദി യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പതിനാലാം കേരള നിയമസഭ സ്പീക്കർ എന്ന നിലയിൽ പല മാറ്റങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. പി.ശ്രീരാമകൃഷ്ണൻ  ആവിഷ്‌കരിച്ചു നടപ്പാക്കിയ നൂനതനവും ക്രിയാത്മകവുമായ പല നടപടികളും  ദേശീയ അംഗീകാരം നേടി. ഭരണഘടനയുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നിയമനിർമാണ പ്രക്രിയയിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ജനകീയ ഇടപെടൽ സാധ്യമാക്കാനുമുള്ള നിരവധി ഉദ്യമങ്ങൾ അദ്ദേഹത്തിന്റെ കാലത്തുണ്ടായി.
ലോകകേരള സഭ, ഇ-വിധാൻ സഭ, സമ്പൂർണ കടലാസുരഹിത വിധാൻ സഭ, സെന്റർ ഫോർ പാർലമെന്റ് സ്റ്റഡീസ് ആന്റ് ട്രെയിനിംഗിന്റെ പരിഷ്‌കരണം, പുതിയ കോഴ്സുകൾ, സ്‌കൂൾ ഓഫ് പോളീസിസ്, ഫെസ്റ്റിവൽ ഓൺ ഡെമോക്രസി എന്ന പുതിയ പദ്ധതി, ആയിരം ഭരണഘടനാ ക്ലാസ്സുകൾ, സാക്ഷരതാ മിഷനുമായി ചേർന്നുള്ള വിവിധ പരിപാടികൾ തുടങ്ങിയവ പരിഗണിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച സ്പീക്കർക്കുള്ള അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.
കേരളാ സ്റ്റേറ്റ് യൂത്ത് വേൽഫെയർബോർഡിന്റെ വൈസ് ചെയർമാനായി അഞ്ചു വർഷം പ്രവർത്തിക്കുകയും ബോർഡിന്റെ പ്രവർത്തനങ്ങളിൽ നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്ത വ്യക്തിയാണ്. മൂവായിരത്തിലധികം യുവജനക്ലബ്ബുകൾ, യൂത്ത് ബ്രിഗേഡ് തുടങ്ങിയവ സംഘടിപ്പിച്ചു. രാജ്യത്താദ്യമായി കേരള യൂത്ത് ഫോറം തിരുവനന്തപുരത്തും മലപ്പുറത്തുമായി സംഘടിപ്പിക്കാനും അദ്ദേഹം മുൻകയ്യെടുത്തു.
പി.എൻ.എക്സ്. 4596/2021
 

date