Skip to main content

കായിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണന

പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ നിലവില്‍ വരുന്നതോടെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കുമെന്നും കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ  നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രാദേശികമായി അടിത്തറ വിപുലീകരിക്കുന്നതിനും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണമെന്നും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ.കെ ബിനീഷ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
കാസര്‍കോട് ജില്ല കായിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്. കാസര്‍കോട്  വികസന പാക്കേജില്‍  ഉള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാക്കുന്ന പദ്ധതികള്‍  ആരംഭിക്കുന്നതോടെ ജില്ലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒട്ടേറെ വര്‍ദ്ധിക്കുമെന്നും  കായികതാരങ്ങള്‍ക്ക്  നിരവധി അവസരങ്ങള്‍ കൈവരുമെന്നും അദ്ദേഹം പറഞ്ഞു.   കൗമാരക്കാര്‍  മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ളവര്‍ക്ക് ആരോഗ്യപരമായ ജീവിതത്തിന് ഉതകുന്ന കായികക്ഷമത രൂപപ്പെടുത്തുകയാണ് അനിവാര്യമായ കാര്യം. ചെറുപ്രായത്തില്‍തന്നെ  തന്നെ കഴിവ് കണ്ടെത്തി പ്രതിഭയെ പ്രചോദിപ്പിക്കുക,  സൗഹൃദപരവും ആരോഗ്യപരവും അച്ചടക്ക പരവുമായ കായിക സംസ്‌കാരത്തിന് അന്തസത്ത പ്രചരിപ്പിക്കുക, ആരോഗ്യപരമായ ജീവിതത്തിലെ പ്രസക്തി സമൂഹത്തിലെ മുഴുവന്‍ ദിശകളിലേക്കും വ്യാപിപ്പിക്കുക,  സംസ്ഥാന ദേശീയ അന്തര്‍ദേശീയ നിലവാരത്തിലേക്ക് കായിക താരങ്ങളെ നയിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനം നടത്തേണ്ടത്. ഇതിനായി ജില്ലയില്‍ ഹെല്‍ത്ത് ക്ലബ്ബ്അനുവദിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലയുടെ സമഗ്ര കായിക വികസനത്തിന് ഉതകുന്ന 11 പദ്ധതികള്‍ കാസര്‍കോട്  വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിന് 130 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസറുമായ എം എസ് സുധീര്‍ ബോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കായിക വികസനത്തിന് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും പൂര്‍ണപിന്തുണ ഉണ്ടാകണമെന്ന് യോഗത്തില്‍ സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കായിക വികസനത്തിന് പ്രത്യേക പരിഗണന നല്‍കും. സ്റ്റേഡിയങ്ങള്‍ക്കും കോര്‍ട്ടുകള്‍ക്കും  ആവശ്യമായ ഭൂമി ലഭ്യമാക്കുന്ന  പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിന്തുണ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ  അനില്‍ ബങ്കളം, ടി വി കൃഷ്ണന്‍, പള്ളം നാരായണന്‍  വി വി വിജയമോഹനന്‍. സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി എം രഘുനാഥ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് പി  പി അശോകന്‍ മാസ്റ്റര്‍ സ്വാഗതവും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി ടി വി ബാലന്‍ നന്ദിയും പറഞ്ഞു.  വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച്  കെ എം ബല്ലാള്‍, പി ഗംഗാധരന്‍, ബി അശോക് രാജ് , അബ്ദുള്‍ ലത്തീഫ്, മനോജ് പള്ളിക്കര  ശശികാന്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഡഫ് അസോസിയേഷന്‍ പ്രതിനിധി ടീ  പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

date