Skip to main content

വിദ്യാഭ്യാസ മേഖലയെ കാലോചിതമായി പരിഷ്‌കരിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാലത്തിനൊത്തു പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു സർക്കാർ പ്രത്യേക ശ്രദ്ധ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയിലും കാലോചിതമായ പരിഷ്‌കരണത്തിനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഠ്ന ലിഖ്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി മാറ്റുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച പുരോഗതിയാണു നാടിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിക്കു വഴിവച്ചതെന്നതിൽ സംശയമില്ല. എഴുതാനും വായിക്കാനും പഠിക്കുന്ന വ്യക്തി അറിവിന്റേയും വിജ്ഞാനത്തിന്റേയും ലോകവുമായി കണ്ണിചേർക്കപ്പെടും. അതുവഴിയാണു സാമൂഹ്യ മുന്നേറ്റം സാധ്യമാകുന്നത്. കേരളത്തിൽ ആറു ശതമാനത്തിലധികം ആളുകൾ ഇനിയും സാക്ഷരത നേടേണ്ടതായിട്ടുണ്ട്. അവരെക്കൂടി എഴുത്തും വായനയും അഭ്യസിപ്പിക്കുക എന്ന നിലയ്ക്കാണു പഠ്ന ലിഖ്ന അഭിയാനെ സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന വിഹിതവും ഉപയോഗിച്ചാണു പഠ്ന ലിഖ്ന പദ്ധതി നടക്കുന്നത്. വയനാട്, ഇടുക്കി, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ രണ്ടു ലക്ഷം പേരെ സാക്ഷരരാക്കലാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ ഭൂരിഭാഗവും പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരാകണമെന്നും 75 ശതമാനം സ്ത്രീകളായിരിക്കണമന്നും നിർദേശമുണ്ട്. സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങളേയും ന്യൂനപക്ഷങ്ങളേയും പ്രത്യേകിച്ചു സ്ത്രീകളെ ശാക്തീകരിക്കാൻ ഉതകുന്ന പദ്ധതിയാക്കി ഇതിനെ രൂപപ്പെടുത്താൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
പി.എൻ.എക്സ്. 4923/2021

date