Skip to main content

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തല്‍  ലളിതവും സുതാര്യവുമാക്കി: മന്ത്രി ജി.ആര്‍ അനില്‍

ശബരിമല തീര്‍ത്ഥാടകര്‍ക്കായി പെരുനാട്-മഠത്തുംമൂഴിയില്‍ 

സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു

 

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുവാനുള്ള നടപടി ലളിതവും സുതാര്യവുമാക്കിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ സുഭിക്ഷ ഹോട്ടല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പെരുനാട്-മഠത്തുംമൂഴിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

റേഷന്‍ കാര്‍ഡുകളുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ലളിതമായും സുതാര്യമായും നടന്നുവരുന്നു. റേഷന്‍ കാര്‍ഡുകളില്‍ പല വിധത്തിലുണ്ടായിരുന്ന തെറ്റുകള്‍ തിരുത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. റേഷന്‍ വാങ്ങുന്ന കടകളില്‍ തന്നെ പരാതികള്‍ സ്വീകരിക്കാന്‍ ഈ മാസം 15 വരെ നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റേഷന്‍ സംവിധാനം നവീകരിച്ച് കുറ്റമറ്റമാക്കാനുള്ള നടപടികളാണു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. ജനങ്ങള്‍ക്കു സഹായകരമായി മാര്‍ക്കറ്റില്‍ ഇടപെടാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് സപ്ലൈക്കോ ഔട്ട്‌ലെറ്റ് സാധനങ്ങള്‍ മൊബൈല്‍ വാഹനങ്ങള്‍ മുഖേന ന്യായമായ വിലയ്ക്കു വിപണനം ചെയ്യാന്‍ കൂടുതല്‍ പ്രവര്‍ത്തനം നടപ്പാക്കിവരുന്നു. കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ജനകീയ ഹോട്ടലിനു ദേശീയ തലത്തില്‍ തന്നെ അംഗീകാരം ലഭിച്ചു. ഇന്ത്യയിലെ ഭക്ഷ്യ വിതരണ മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര ഭക്ഷ്യ മന്ത്രി പീയൂഷ് ഗോയല്‍ പ്രത്യേകമായി പ്രകീര്‍ത്തിക്കുകയുണ്ടായി. പാവപ്പെട്ടവര്‍ക്ക് സഹായകരമായ ജനകീയ ഹോട്ടല്‍, സുഭിക്ഷ ഹോട്ടല്‍ വ്യാപകമാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ് എല്ലാ നിയോജക മണ്ഡലങ്ങളിലും ഇത്തരത്തില്‍ കുറഞ്ഞത് ഒരു കേന്ദ്രമെങ്കിലും തുറക്കാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. 

ശബരിമല തീര്‍ഥാടകര്‍ക്ക് നല്ല സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പെരുന്നാട് ഇടത്താവളത്തിനു സമീപമായി 20 രൂപയ്ക്ക് ശുദ്ധവും മികവുറ്റതുമായ സുഭിക്ഷ ഹോട്ടല്‍ തുടങ്ങിയത്. സുഭിക്ഷ ഹോട്ടലുകളുടെ വിജയത്തിനായി നാട്ടുകാരുടെ സഹകരണവും അനിവാര്യമാണ്. തീര്‍ഥാടന കാലത്തിന് ശേഷവും പാവപ്പെട്ടവര്‍ക്ക് സഹായകരമായ സുഭിക്ഷ ഹോട്ടല്‍ പെരുന്നാട്ടില്‍ പ്രവര്‍ത്തനം തുടരും. സമൂഹത്തിലെ പാവപ്പെട്ട എല്ലാ വിഭാഗങ്ങളെയും സഹായിക്കുന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പാക്കുന്നത്. കോവിഡ് കാലത്ത് പ്രതിസന്ധി നേരിട്ട ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായകരമായ നടപടിയാണ് സിവില്‍ സപ്ലൈസ് വകുപ്പ് സ്വീകരിച്ചത്. ആദിവാസി ഊരുകളില്‍ നിന്ന് കുടുംബങ്ങള്‍ ഭക്ഷ്യ ധാന്യങ്ങള്‍ ദൂരെയുള്ള കടകളില്‍ നിന്ന് വാങ്ങിക്കുവാന്‍ മടികാണിക്കുന്നത് റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ ചൂണ്ടിക്കാട്ടിയതിനെതുടര്‍ന്ന് സംസ്ഥാനത്ത് തന്നെ ആദ്യമായി അടിച്ചിപ്പുഴ കോളനിയിലെ ഊരുകളില്‍ സിവില്‍ സപ്ലൈസ് അവശ്യവസ്ഥുക്കര്‍ എത്തിച്ച് കൊടുത്തത്. സംസ്ഥാനത്തെ 36 ഊരുകളില്‍ കഴിഞ്ഞ മൂന്ന് നാല് മാസങ്ങള്‍ക്കുള്ളില്‍ ഇത്തരത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍  എത്തിച്ച് നല്‍കി. വിവിധങ്ങളായ അഗതി മന്ദിരങ്ങള്‍, മത്സ്യ തൊഴിലാളി കുടുംബങ്ങള്‍, വിവിധ മത സംഘടനകളുടെ ആശ്രമങ്ങള്‍, ട്രാന്‍സ്‌ജെഡര്‍ തുടങ്ങിയവര്‍ക്ക് ഭക്ഷ്യധാന്യം എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. സമൂഹത്തിലെ അതി ദരിദ്രരെ കണ്ടെത്തി അഞ്ച് വര്‍ഷംകൊണ്ട് ഇത്തരം കുടുംബങ്ങളെ സംരക്ഷിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.  അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. തീര്‍ത്ഥാടകര്‍ക്കും പാവപ്പെട്ടവര്‍ക്കും അന്നം നല്‍കുന്ന മഹനീയമായ സുഭിക്ഷ ഹോട്ടല്‍ നാടിന് തിലകക്കുറിയായി മാറട്ടേയെന്ന് എംഎല്‍എ പറഞ്ഞു. സുഭിക്ഷ ഹോട്ടലിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജില്ലാ കലക്ടര്‍ ഡേ.ദിവ്യ എസ്.അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയില്‍ സുഭിക്ഷ ഹോട്ടലുകള്‍ കൂടുതല്‍ ആരംഭിക്കുന്നതിന് ജില്ലാ ഭരണകേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.മനോജ് ചരളേല്‍, പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, പെരുനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ് ശ്യാം, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ് സുകുമാരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോഹിനി വിജയന്‍, ഗ്രാമപഞ്ചായത്തംഗം രാജം ടീച്ചര്‍, പെരുനാട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.എസ് സുരേഷ്‌കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി ജയന്‍, എസ്.ഹരിദാസ്, പ്രമോദ് മാമ്പാറ, ആലിച്ചന്‍ ആറൊന്നില്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, ഏബ്രഹാം കുളമട, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി മോഹന്‍കുമാര്‍, റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.ഗണേഷ് എന്നിവര്‍ പ്രസംഗിച്ചു.

date