Skip to main content

റേഷന്‍ ഉത്പന്നങ്ങളുടെ തൂക്കവും ഗുണനിലവാരവും  ഉറപ്പുവരുത്തും:  മന്ത്രി അഡ്വ. ജി.ആര്‍ അനില്‍

റേഷന്‍ ഉത്പന്നങ്ങളുടെ തൂക്കത്തിനൊപ്പം ഗുണനിലവാരവും പ്രധാനമാണെന്നും അവ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. താല്‍ക്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റേഷന്‍ കടകളുടെ ഉടമസ്ഥ അവകാശികള്‍ ഇല്ലാത്തതും ലൈസന്‍സ് നല്‍കാന്‍ സാധിക്കാത്തതുമായ പ്രശ്‌നങ്ങളില്‍ നോട്ടിഫൈ ചെയ്ത് പുതിയ ഉടമസ്ഥരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ്. താല്‍ക്കാലികമായി ബന്ധിപ്പിച്ചിരിക്കുന്ന കടകളെ സംബന്ധിച്ച് പിന്‍ഗാമിയോ അവകാശിയോ നടത്തിപ്പുകാരോ എന്നത് സംബന്ധിച്ചുള്ള പരിശോധന എത്രയും വേഗം പൂര്‍ത്തിയാക്കി അര്‍ഹതുള്ളവര്‍ക്ക് നല്‍കാനുള്ള നടപടിയാണ് വകുപ്പും സര്‍ക്കാരും ഉദ്ദേശിക്കുന്നത്. 1500 ല്‍ അധികം റേഷന്‍ കടകള്‍ മറ്റ് കടകളുമായി ബന്ധിപ്പിച്ചിരിക്കുന്നത് പൂര്‍ണമായും ഒഴിവാക്കും. 14250 റേഷന്‍ കളകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1500 കടകളിലെ പ്രശ്‌നം പരിഹരിച്ച് അര്‍ഹരായ അത്രയും പേര്‍ക്ക് തൊഴില്‍ സാഹചര്യം ഒരുക്കും. റേഷന്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് അറ്റാച്ച് ചെയ്തിരിക്കുന്ന റേഷന്‍ കടകളില്‍ നിന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. ജനങ്ങള്‍ക്ക് നിലവിലുള്ള അസൗകര്യം മാറ്റി അവരുടെ വാര്‍ഡില്‍ തന്നെ കട പുന:സ്ഥാപിച്ചുകൊണ്ട് റേഷന്‍ ലഭ്യമാക്കും. റേഷന്‍ കട ലൈസന്‍സികളെ സംബന്ധിച്ച് പരമാവധി ആനുകൂല്യം ഉറപ്പാക്കും. കോവിഡ് ബാധിച്ച് മരിച്ച റേഷന്‍ വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക്  ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് നല്‍കാന്‍ കഴിഞ്ഞു. ഇത്തരത്തിലുള്ള ലൈസന്‍സ് പിന്‍ഗാമികളോട് ഉദാരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. റേഷന്‍ കട നടത്തിപ്പില്‍ ചിലയിടങ്ങളില്‍ പിഴവ് വന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സര്‍ക്കാരിനോടും ജനങ്ങളോടും റേഷന്‍ കട ഉടമകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അവ പൂര്‍ണമായി നിര്‍വഹിച്ച് കൃത്യമായ രീതിയില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കണം. ഈ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് കടകള്‍ നടത്തുന്ന രീതിയിലേക്ക് പോകണം. മുന്‍വിധിയോട് കൂടി ഒരു ലൈസന്‍സിയുടെയും പ്രവര്‍ത്തനത്തെ തടസപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കൂട്ടായ ഇടപെടലിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യസാധനം തൂക്കത്തിലും ഗുണനിലവാരത്തിലും മുന്‍പന്തിയിലായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി.സജിത്ത് ബാബു, കൊല്ലം സൗത്ത് സോണ്‍ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. അനില്‍രാജ്, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി മോഹനകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date